എല്ലാ മനുഷ്യര്‍ക്കും സമീപിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് നടന്‍ ആസിഫ് അലി. തൊടുപുഴയില്‍ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്കപ്പോഴും കിട്ടിയിട്ടുള്ളതുപോലെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന സര്‍ക്കാരാണ് നമുക്ക് വേണ്ടത്. നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഒരു ഭരണസംവിധാനവും വേണമെന്നും ആസിഫ് അഭിപ്രായപ്പെട്ടു.
‘സമൂഹമാധ്യമങ്ങളില്‍ക്കൂടിയാണ് ആളുകള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. നേരിട്ട് കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുകയും പറയുകയും ചെയ്യുന്ന കാലം മാറി. ഇപ്പോള്‍ ടെക്നോളജി വളരെ മുന്നോട്ടുപോയതുകൊണ്ട് ആളുകള്‍ക്ക് നേരിട്ട് ഇന്‍ററാക്ട് ചെയ്യാന്‍ അവസരങ്ങളുണ്ട്. അതെല്ലാം ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന, അതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ പറ്റുന്ന ഒരു സംവിധാനം ഉണ്ടാകണം.’ – ആസിഫ് അലി പറഞ്ഞു.
എന്തുകൊണ്ട് പ്രചാരണത്തിനിറങ്ങിയില്ല?
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ സന്നദ്ധനാണെന്ന് ആസിഫലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം നേരിട്ട് പ്രചാരണരംഗത്ത് എത്തിയില്ല. അതിനുള്ള കാരണം വിശദീകരിക്കുന്നത് ഇങ്ങനെ - ‘എന്നോട് ചോദിക്കുകയും എന്‍റെ സുഹൃത്തിനുവേണ്ടി പ്രചാരണത്തിന് പോകാനുള്ള മനസ് കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എനിക്ക് അടുത്തറിയാവുന്നവരും പ്രിയപ്പെട്ടവരും ഇഷ്ടമല്ലാത്തവരും താല്‍പര്യമില്ലാത്തവരുമായ ഒരുപാടുപേര്‍ മല്‍സരരംഗത്തുണ്ട് എന്നറിഞ്ഞത് പിന്നീടാണ്. ആരോടും ഒരു വ്യത്യാസവും കാണിക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് പ്രചരണത്തിന് ഇറങ്ങാതിരുന്നത്. പക്ഷ എന്നെക്കൊണ്ട് പറ്റുന്ന സഹായങ്ങള്‍ എന്‍റെ സുഹൃത്തുക്കള്‍ക്കും എല്ലാം ചെയ്തിട്ടുണ്ട്.’
രമേഷ് പിഷാരടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു ആദ്യത്തെ പ്രസ്താവന. ‘പക്ഷേ പിഷാരടി മാത്രമല്ല എനിക്ക് പഴ്സനലി അറിയാവുന്ന – മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ – ഞാന്‍ ഇഷ്ടപ്പെടുന്നവരും ഉറ്റുനോക്കുന്നവരുമായിട്ടുള്ള ഒരുപാട് രാഷ്ട്രീയനേതാക്കന്മാര്‍ ഉണ്ട്. അവരോടൊക്കെ സംസാരിക്കുന്നുണ്ട്. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്.’ – ആസഫലി പറഞ്ഞു.
പി.ജെ.ജോസഫ് വിളിച്ച കഥ
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുതന്നെ ആസിഫലി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം സാക്ഷാല്‍ പി.ജെ,ജോസഫ് നേരിട്ട് വീട്ടില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് പ്രചാരണത്തിന്‍റെ വ്യാപ്തി മനസിലായതെന്ന് ആസിഫ് വെളിപ്പെടുത്തി. ‘ഒരുദിവസം ജോസഫ് സാറ് വീട്ടിലേക്ക് വിളിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നെന്ന് വാര്‍ത്തയുണ്ടല്ലോ, അത് സത്യമാണോ എന്ന് ചോദിച്ചു. അത് എനിക്കും വീട്ടില്‍ വാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാം ഒരു അല്‍ഭുതമായിരുന്നു.’ ആസിഫലി പറഞ്ഞു.
സ്ഥാനാര്‍ഥിയായി തന്നെ ആരും പരിഗണിച്ചിട്ടില്ലെന്ന് ആസിഫ് പറഞ്ഞു. അങ്ങനെയൊരു ആഗ്രഹമില്ല. ‘എന്‍റെ ആഗ്രഹവും അവരുടെ ആഗ്രഹവും ഞാന്‍ സിനിമയില്‍ തുടരുക എന്നുള്ളതാണ്. എന്‍റെ ഇപ്പോഴത്തെ മെച്യൂരിറ്റി ലെവലൊക്കെ വച്ച് ഞാന്‍ അതിന് അര്‍ഹനല്ല.’ – ആസിഫ് പറഞ്ഞു. ‘യുവതലമുറ ഉറപ്പായും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതെ അഭിപ്രായം പറയുന്നതിലോ സോഷ്യല്‍ മീഡിയയില്‍ക്കൂടി ദേഷ്യം കാണിക്കുന്നതിലോ കാര്യമില്ല. നമ്മുടെ കര്‍ത്തവ്യം നിറവേറ്റിയോ എന്ന് ഉറപ്പുവരുത്തുക. വോട്ട് ചെയ്യുക. അതിനുശേഷം നിങ്ങളുടെ അഭിപ്രായം പറയാം. എന്തുദേഷ്യവും സന്തോഷവും പങ്കുവയ്ക്കാം.’ – താരം തുറന്നുപറഞ്ഞു.