നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിനായകന്‍. എറണാകുളം ഗാന്ധിനഗറിലെ മാതാനഗര്‍ സ്കൂളിലാണ് താരം വോട്ടു രേഖപ്പെടുത്താനെത്തിയത്. ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണിതെന്നും വളരെ പ്രശ്മുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും വിനായകന്‍ മനോരമന്യൂസിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് ഇല്ലാതെ നാട് ഉണ്ടാവില്ലെന്നും നശിച്ച് പോകുമെന്നും താരം പറയുന്നു.

വിനായകന്‍റെ വാക്കുകള്‍ ഇങ്ങനെ; 'ഏറ്റവും നിര്‍ണായകമായ വോട്ടെടുപ്പാണ്. സാഹചര്യം വളരെ പ്രശ്നത്തിലാണ്. എല്‍ഡിഎഫില്ലാതെ ഒരു പണിയും നടക്കൂല്ല എന്ന സ്ഥിതിയാണ്. അല്ലെങ്കില്‍ നാട് നശിഞ്ഞു പോകും. അത്രയുമേ പറയാനുള്ളൂ. എല്‍ഡിഎഫ് ഇല്ലാതെ ഈ നാട് ഉണ്ടാവില്ല. ഇല്ലെങ്കില്‍ ചിലര്‍ ഈ നാട് കത്തിച്ചു കളയും എന്ന അവസ്ഥയാണ്.സത്യമാണ് ഞാന്‍ പറയുന്നത്'- വിനായകന്‍ വ്യക്തമാക്കി. 

ഒരുമണിയോടെ 46 ശതമാനംപേര്‍  വോട്ട് രേഖപ്പെടുത്തി. മധ്യകേരളത്തിലും പാലക്കാടും കനത്തപോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പൊതുവെ വോട്ടിങ് കുറഞ്ഞു നില്‍ക്കുന്ന തെക്കന്‍ജില്ലകളിലും രാവിലെ മുതല്‍ ക്രമാനുഗതമായി പോളിങ് ശതമാനം ഉയരുകയാണ്. രാവിലെ വോട്ടെടുപ്പ് തുടങ്ങും മുന്‍പെ നഗര– ഗ്രാമ ഭേദമില്ലാതെ ഒട്ടുമിക്ക ബൂത്തുകളിലും ആളുകള്‍ നിരതീര്‍ത്തു. പ്രായഭേദമില്ലാതെ വോട്ടര്‍മാരെത്തിയതോടെ എട്ടുമണിക്കു മുന്‍പുതന്നെ പോളിംങ് ദ്രുതഗതിയിലായി. കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പോളിങാണ് കാണുന്നത്. 

ഉച്ചയ്ക്ക് സാധാരണ നിലയില്‍സംസ്ഥാനത്ത് പോളിംങ് മന്ദഗതിയിലാകാറുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതല്‍ വീണ്ടും വോട്ടര്‍മാര്‍കൂട്ടമായി എത്തുകയാണ് പതിവ്. വൈകിട്ട് ആറുമണിവരെ പോളിംങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.75 ശതമാനം പേര്‍വോട്ടു ചെയ്തിരുന്നു. ഇത്തവണ ഇതു മറികടക്കുമോ എന്ന് വരും മണിക്കൂറുകള്‍ തെളിയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രാഷ്ട്രീയപ്പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ,ചലച്ചിത്ര നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ, ഷാജി കൈലാസ്, ആനി, അന്ന രേഷ്മ രാജന്‍ തുടങ്ങി നിരവധിപ്പേര്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. 

ENGLISH SUMMARY:

In a strong political statement during the 2026 Kerala Assembly Election, actor Vinayakan asserted that the state would face ruin without the LDF government. Voting at Gandhinagar, Kochi, he described the current political climate as critical and warned that certain forces might "burn the state" if the Left front is not in power. Meanwhile, Kerala recorded 46% polling by 1 PM, with heavy turnouts in Central Kerala and Palakkad. Major celebrities and political leaders have already exercised their franchise, urging citizens to join the democratic process.