നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം അവസാനിച്ചതിന് പിന്നാലെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലും സിപിഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസങ്ങൾ പലതുണ്ട്. അതിലൊന്ന് രണ്ട് കൊടികളിലും ഉള്ള മുഖങ്ങളാണെന്നാണ് കൊട്ടിക്കലാശത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറയുന്നത്. 

'പ്രചാരണത്തിന് സമാപനം കുറിച്ച്, ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം!  ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസങ്ങൾ പലതുണ്ട്. അതിലൊന്ന് ഇതാണ്; ഞങ്ങളുടെ കൊടികളിൽ അഭിമാനമായി തെളിയുന്നത് ഭാരതത്തിന്റെ വീരപുത്രൻ ഛത്രപതി ശിവജിയാണ്; എന്നാൽ മാർക്സിസ്റ്റുകാർക്കാകട്ടെ, ഇന്നും ഒരു വിദേശിയെ (ചെഗുവേര) മാതൃകയായി കടമെടുക്കേണ്ടി വരുന്നു' എന്നാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്. 

ചെഗുവേരയുടെ ചിത്രമുള്ള ചെങ്കൊടിയും ഛത്രപതി ശിവജിയുടെ മുഖമുള്ള ബിജെപിയുടെ കൊടിയും ചിത്രത്തിൽ കാണാം. അതേസമയം ബിജെപി എന്നത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന പ്രസ്ഥാനമാണ്, ഇടത് പക്ഷം എന്നത് ലോകത്തിൽ നിലനിൽക്കുന്ന സാമൂഹ്യ സംവിധാനമാണ് എന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ജനാധിപത്യം ഗ്രീക്കിൽ നിന്നും, റിപ്പബ്ലിക് എന്ന സങ്കൽപ്പം റോമിൽ നിന്നും വന്നതാണ്. ഒരു ആശയം നല്ലതാണെങ്കിൽ അതിന്റെ ജന്മദേശം നോക്കി തള്ളിക്കളയേണ്ട കാര്യമില്ല. ബിജെപി ആരാധിക്കുന്ന ദേശീയത എന്ന സങ്കൽപ്പം പോലും യൂറോപ്യൻ രാഷ്ട്രീയ ചിന്തയിൽ നിന്ന് വന്നതാണെന്നും കമന്റുകളുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News covers Rajeev Chandrasekhar's criticism of CPM following the election campaign finale. He highlighted the difference in their party flags, with BJP featuring Chhatrapati Shivaji and CPM using a foreign figure like Che Guevara.