ട്വന്‍റി 20 യുടെ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ എന്‍ഡിഎയ്ക്കായി മത്സരിക്കുന്നത് സിനിമ താരം അഞ്ജലി നായരാണ്. ക്രിക്കറ്റ് മൈതാനത്ത് വോട്ടര്‍മാരെ കണ്ട അഞ്ജലിയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്‍റെ സിനിമ കഥാപാത്രങ്ങള്‍ പറഞ്ഞ് വോട്ടു തേടുന്നതാണ് വിഡിയോ. 

പുലിമുരുകനിലെ കുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് അഞ്ജി വോട്ടര്‍മാരെ സമീപിക്കുന്നത്. ഇതിനെ മൈതാനത്തുള്ളവര്‍ പരിഹസിച്ചപ്പോള്‍ ദൃശ്യം 2 കണ്ടിട്ടുണ്ടോ എന്നായി ചോദ്യം. ദൃശ്യത്തില്‍ ലാലേട്ടനെ ചതിച്ചില്ലേ എന്നായി അടുത്ത കമന്‍റ്. പിന്നാലെയാണ് ഒപ്പത്തിലെ ലാലേട്ടന്‍റെ അനിയത്തിയാണെന്ന് അഞ്ജലി പറയുന്നത്. സംസാരത്തിനൊടുവില്‍ ദൃശ്യം 3 യുടെ ക്ലൈമാക്സ് പറയുമോ എന്നാണ് കൂട്ടത്തിലൊരാള്‍ ചോദിച്ചത്.  ക്ലൈമാക്സ് പറഞ്ഞാല്‍ വോട്ട് ചെയ്യാമെന്നും പറയുന്നുണ്ട്. 

ഇതോടെ സിനിമ വിട്ട് അഞ്ജലി ഗ്രൗണ്ടിനെ പറ്റി സംസാരിച്ചു. വോട്ടു ചെയ്ത് ജയിപ്പിച്ചാല്‍ ഈ ഗ്രൗണ്ട് എന്നും സ്വന്തമായിട്ടുണ്ടാകും. അല്ലെങ്കില്‍ മറ്റൊരു ഗ്രൗണ്ട് സെറ്റാക്കി തരും എന്നാണ് അ‍ഞ്ജലി പറയുന്നത്. ദൃശ്യം, പുലിമുരുകന്‍, കമ്മട്ടിപാടം അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് അഞ്ജലി. തൃപ്പൂണിത്തുറയില്‍ കെ.എന്‍ ഉണ്ണികൃഷ്ണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫിനായി കോണ്‍ഗ്രസിന്‍റെ ദീപക് ജോയിയാണ് മത്സരിക്കുന്നത്. 

ENGLISH SUMMARY:

Anjali Nair, a Malayalam film actress, is contesting the T20 elections in Thripunithura as the NDA candidate. She is actively campaigning by referencing her popular movie roles to connect with voters.