mk-muneer-house-auction

മുൻ മന്ത്രി എംകെ മുനീറിന്റെ വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹത്തെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കുമെന്നും മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഫൈസൽ ബാബു. എം കെ മുനീറിന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഫൈസൽ ബാബുവിന്റെ പ്രതികരണം. 

 ‘മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേത് കൂടെയാണ്,ആ സങ്കടം അവശേഷിക്കാൻ നമ്മൾ അനുവദിക്കില്ല. “CRESCENT HOUSE” എന്നത് ഡോ എംകെ മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്. പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളും പികെ കുഞ്ഞാലികുട്ടി സാഹിബും ലക്ഷോഭ ലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസ്സോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല ‘വീട് നഷ്ടപ്പെടും’ എന്ന ചർച്ചക്ക് പോലും ഇനി പ്രസക്തിയില്ല. പിതാവിന്റെ പാതയിൽ കറകളഞ്ഞ പൊതു പ്രവർത്തകാനാണ് പ്രിയപ്പെട്ട മുനീർക്ക ‘.  -   അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

അതേസമയം, വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്ന് എം കെ മുനീർ പ്രതികരിച്ചു. വീട് പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് ലോൺ എടുത്തത്. ലോൺ വിചാരിച്ച പോലെ തിരിച്ചടക്കാൻ പറ്റിയില്ല. പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തികമുണ്ടായില്ല. ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ഒരു ഭാഗം അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിരുന്നു. ഇനി കൊടുക്കാനൊന്നുമില്ലാത്തതുകൊണ്ട് മറ്റ് മാർഗം നോക്കണം. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാർഗം ഉണ്ടാകും. വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നുവെന്നും ഓരോ വ്യക്തികളുടെയും ബാധ്യത പാർട്ടി ഏറ്റെടുക്കാൻ നിന്നാൽ ശരിയാവില്ലല്ലോയെന്നും മുനീർ ചോദിച്ചു. കോഴിക്കോട് നടക്കാവിലെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. 

ENGLISH SUMMARY:

MK Muneer's house, Crescent House, is facing auction due to a loan default. However, Muslim League leader Faisal Babu has vowed to protect MK Muneer and his family, stating that the house is a symbol for all party members and will be defended until the very end.