കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങുകയാണ്. ബൂത്തിലെത്താൻ ഇനി രണ്ടാഴ്ച മാത്രം.  എന്നാൽ കാലത്തിന്റെ ചുവരിൽ കോറിയിട്ട തെരഞ്ഞെടുപ്പിന്റെ ചരിത്രം, മലയാളത്തിന്റെ വെള്ളിത്തിരയിൽ പലകുറി പ്രേക്ഷകർ കണ്ടു.  ചുവരെഴുത്തും പോസ്റ്ററുകളും മാറി പുതിയ കാലത്തിന്റെ പ്രചരണ തന്ത്രങ്ങളും ഇടം പിടിച്ചു. എന്നിട്ടും ഇന്നലെകളിലെ തെരഞ്ഞടുപ്പ് ശേഷിപ്പുകളെ ഇന്നും ഓർമപ്പെടുത്തുന്നു മലയാള  സിനിമയുടെ ചില ഫ്രെയിമുകൾ.

1990ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്‍റെ പശ്ചാത്തലത്തിൽ. എൽഡിഎഫ്   സ്ഥാനാർഥി ഒ.എൻ.വി. കുറുപ്പും കോൺഗ്രസ് സ്ഥാനാർഥി എ.ചാൾസും തമ്മിലായിരുന്നു മത്സരം. ഇരുപതിൽ 17 സീറ്റിലും വിജയിച്ച യുഡിഎഫ് ഒ.എൻ.വി കുറുപ്പിനെ അൻപതിനായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി. മേള സീൻ, 46 വർഷം മുൻപ് പുറത്തിറങ്ങിയ കെ.ജി.ജോർജ് ചിത്രം മേളയിൽ, തെരഞ്ഞെടുപ്പിലെ സൂപ്പർ സ്റ്റാർ കൂടിയുണ്ട്. 

1980ലെ തിരഞ്ഞെടുപ്പ് മുതൽ ഇത്തവണയും മത്സരിക്കുന്ന എ.കെ.ശശീന്ദ്രൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് യു സ്ഥാനാർഥിയായ ശശീന്ദ്രന് ആദ്യമായി നിയമസഭയിലേക്ക് എത്തിയ മത്സരം കൂടിയായിരുന്നു അത്. ഈ കവല ചിത്രീകരിച്ചതാകട്ടെ മണ്ഡല പുനർനിർണയത്തിൽ ഇല്ലാതായ പെരിങ്ങളം മണ്ഡലത്തിലും.

1993ൽ ഇടത് സ്ഥാനാർഥി എസ്.ശിവരാമനും കോൺഗ്രസ് സ്ഥാനാർഥി ആർ.കെ.ബാലകൃഷ്ണനും ഏറ്റുമുട്ടിയ മത്സരത്തിന്റെ ബാനറാണ് സത്യൻ അന്തിക്കാട് ചിത്രം ഗോളാന്തര വാർത്തകളിൽ. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തൂവാനത്തുമ്പികളിലും ഇരുപതാം നൂറ്റാണ്ടിലും തെളിയുന്നത്. മുത്താരംകുന്ന് പി.ഒയിലും പഞ്ചവടിപ്പാലത്തിലും നിമിഷങ്ങൾ മാത്രം തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രങ്ങൾ 1984ലേതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ മായാത്ത നേർച്ചിത്രമാവുകയാണ്, മലയാളി ചിത്രവും.

ENGLISH SUMMARY:

Malayala Manorama Online News covers how Malayalam cinema has repeatedly depicted election battles, reflecting Kerala's recurring electoral landscape. These cinematic frames capture historical election moments, from posters and wall writings of the past to contemporary campaign strategies.