മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ 3 പുരസ്കാര ജേതാക്കളായി വ്യത്യസ്ത ആശയങ്ങളുമായി മൂന്ന് ജനകീയ കൂട്ടായ്മകള്‍. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിയില്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും നാട്ടുസൂത്രം ഫലകവും സമ്മാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ.ജിജി തോംസണ്‍ അധ്യക്ഷനായ ജൂറിയാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തത്. മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമേ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും നടപ്പാക്കിയ ജനകീയവും നൂതനവുമായ ആശയങ്ങള്‍ ഇത്തവണ നാട്ടുസൂത്രത്തില്‍ മാറ്റുരച്ചു.

കടലിന്‍റെ ആവാസ്ഥ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായ തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറീന്‍ കൂട്ടായ്മ, മൃതദേഹങ്ങള്‍ കുളിപ്പിച്ച് വൃത്തിയാക്കി അന്ത്യയാത്രയ്ക്കൊരുക്കുന്ന മട്ടാഞ്ചേരിയിലെ സ്ത്രീകൂട്ടായ്മയായ അന്നുജൂം, മലയോരമേഖലയെ കാലാവസ്ഥാ വ്യതിയാനം പഠിപ്പിച്ച് സാക്ഷരരാക്കിയ മീനച്ചില്‍ നദീജലസംരക്ഷണ സമിതി എന്നിങ്ങനെയുള്ള ജനകീയ കൂട്ടായമകളെയാണ് വിജയികളായി ജൂറി തിരഞ്ഞെടുത്തത്. അതേസമയം, വയോജനങ്ങള്‍ക്കായുള്ള കോഴിക്കോട് കോര്‍പറേഷന്‍റെ ആനന്ദവണ്ടി പദ്ധതിക്ക് പ്രോല്‍സാഹനസമ്മാനവും ലഭിച്ചു.

പ്രേക്ഷക പിന്തുണയോടെ കണ്ടെത്തിയ ആശയങ്ങളില്‍ നിന്ന് 12 എണ്ണമാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്. അതില്‍ നിന്നാണ് മൂന്നെണ്ണം പുരസ്കാര നേട്ടത്തിലെത്തിയത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം കൈകോര്‍ത്തു. മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേക്ഷകര്‍ക്കും മനോരമ ന്യൂസ് അവസരമൊരുക്കിയിരുന്നു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍ക്ക് ഇരുപത്തിയയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍ക്കും ജനകീയ കൂട്ടായ്മകള്‍ക്കും ആദരമര്‍പ്പിച്ചുകൊണ്ടാണ് ഒരു മാസത്തിലധികം നീണ്ട നാട്ടൂസൂത്രം പരിസമാപ്തിയാകുന്നത്.

ENGLISH SUMMARY:

Nattusutram season 3 showcases successful development models that are accelerating progress in Kerala, bringing innovative ideas from local institutions, individuals, and organizations to the forefront.