തിരുവനന്തപുരത്തെ സമരത്തിനിടെ ‘ലവ് യു ടു ദ മൂണ്‍ ആന്‍ഡ് ബാക്’ എന്നെഴുതിയ കപ്പ് പിടിച്ചത് യാദൃശ്ചികമായിരുന്നെന്ന മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. കപ്പ് മാത്രമല്ല, കേസുകളും ഇടത് മുന്നണിയുടെ പൊളിറ്റിക്കൽ പിആറിന്റെയും വൈരാഗ്യത്തിന്റെയും ഉപകരണമായിരുന്നുവെന്ന് രാഹുൽ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാഷ്ട്രീയ വിരോധത്താൽ എത്ര ഹീനമായി ഒരാളെ ആക്രമിക്കാം എന്നതിന്റെ ഉദാഹരണമായി ഇത് നാളെകളിൽ കണക്കാക്കപ്പെടുമെന്നും രാഹുലിന്‍റെ പോസ്റ്റില്‍ പറയുന്നു.

ശ്രീ വിജയൻ എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിൽ, പുറത്ത് എന്തൊക്കെ പറഞ്ഞു നടന്നാലും ഇതിലെ യഥാർഥ്യങ്ങൾ താങ്കൾക്കും എനിക്കും അറിയാമെന്നും രാഹുൽ പറയുന്നു. യാഥാർഥ്യം നാളെകളിൽ ഈ നാട് തിരിച്ചറിയുമെന്നും അന്ന് കൊലച്ചിരി മാറി മറുപടി പറയേണ്ടി വരുമെന്നും രാഹുൽ പോസ്റ്റിൽ കുറിച്ചു. ‘സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും; നീതി ആകാശത്തിൽ നിന്നു നോക്കും’ (സങ്കീർത്തനങ്ങൾ 85:11) എന്ന ബൈബിള്‍ വചനവുമായാണ് രാഹുല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

തിരുവനന്തപുരത്തെ സമരത്തിനിടെ ‘ലവ് യു ടു ദ മൂണ്‍ ആന്‍ഡ് ബാക്’ എന്നെഴുതിയ കപ്പ് പിടിച്ചത് അവിചാരിതമായി ആയിരുന്നുവെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു പറഞ്ഞത്. വീട്ടിൽ നിന്ന് കൊടുത്തുവിട്ട കപ്പിൽ അങ്ങനെ എഴുതിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ല. വെള്ളം കുടിക്കുമ്പോൾ ഒരാൾ ഫോട്ടോ എടുത്തു, വാർത്ത വന്നപ്പോൾ മാത്രമാണ് അത് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനു പിന്നാലെ കേസിലെ അതിജീവിത പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ‘ഐ ലവ് യു ടു ദ് മൂണ്‍ ആന്റ് ബാക്ക്’ എന്ന പ്രയോഗം ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലെ അവസാന വാക്യമായിരുന്നു ഇത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായി കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിലെത്തിയത്. അതിജീവിതയ്ക്കുള്ള ഐക്യദാര്‍ഢ്യം എന്നനിലയിലായിരുന്നു കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. 

ENGLISH SUMMARY:

CM Pinarayi Vijayan's confession about the 'Love You To The Moon and Back' cup during a protest in Thiruvananthapuram has drawn a sharp retort from Rahul Mankootathil. Mankootathil stated that not only the cup but also cases were tools for political PR and vendetta, emphasizing that the truth will eventually be revealed.