യുദ്ധത്തെ തോൽപിച്ച് തൃശൂർ പാവറട്ടി സെന്റ് ജോസഫ് പള്ളിയിലെ വിശ്വാസികൾ. പാചക വാതകം കിട്ടാതിരുന്നിട്ടും അര ലക്ഷം പേർക്ക് നേർച്ച സദ്യ നൽകി. വിറക് കത്തിച്ചാണ് ഭക്ഷണം പാചകം ചെയ്തത്.
വിശുദ്ധ ഔസേപ്പിതാവിന്റെ നേർച്ച ഊട്ട് ഇതുവരെ മുടങ്ങിയിട്ടില്ല. പാചക വാതകം കിട്ടാക്കനി ആയപ്പോൾ നേർച്ച ഊട്ട് പ്രതിസന്ധിയിലാകുമോയെന്ന് ആശങ്ക ഉണ്ടായി. വികാരി ആന്റണി ചെമ്പകശേരിയും കൺവീനർ സേവ്യർ അറയ്ക്കലും വിശ്വാസികൾക്ക് ധൈര്യം പകർന്നു. മരമില്ലിൽ വൻതോതിൽ വിറകു വാങ്ങി. പാചകപ്പുരയിൽ സഹായിക്കാൻ വന്നത് നൂറു പേർ. ഗ്യാസ് അടുപ്പിൽ പാചകം വേഗം തീരും. വിറകടുപ്പിൽ അൽപ സമയം കൂടുതലെടുത്തു. ചോറും സാമ്പാറും അവിയലും പപ്പടവും പായസവും ഉൾപ്പെടെ സകല ഇനങ്ങളും വിളമ്പി. നേർച്ച സദ്യ കഴിച്ച വിശ്വാസികളെല്ലാം ആത്മ സംതൃപ്തിയോടെ മടങ്ങി. അരലക്ഷം പേർ സദ്യ കഴിക്കാനെത്തി.
അൻപതു നോമ്പിൽ എല്ലാ ബുധനാഴ്ചയും നേർച്ചസദ്യ നൽകാറുണ്ട്. പരമ്പരാഗത ശൈലിയിൽ പാചകപ്പുരയെ മാറ്റിയതാണ് നിർണായകമായത്. വിശുദ്ധ ഔസേപ്പിതാവിന്റെ ഓർമദിനത്തിലാണ് സദ്യ ഒരുക്കിയത്.