mahin-vlogger

സൈബറിടത്തെ വൈറല്‍ ട്രാവൽ വ്ലോഗറാണ് ഹി​ച്ച്ഹൈക്കിങ് നൊമാഡ് എന്ന മാഹീൻ. ഏതാനും ദിവസം മുൻപ് ആമസോൺ നദിയിൽ മാഹീൻ സാഹസിക യാത്ര നടത്തിയിരുന്നു. ഒരു ചങ്ങാടത്തിലായിരുന്നു മാഹീനും സുഹൃത്തുക്കളും പോയത്. പിന്നീട് രണ്ട് മൂന്ന് ദിവസത്തേക്ക് മാഹീന്റെ വീഡിയോകളൊന്നും തന്നെ വന്നില്ല. ഇതോടെ ഇയാൾക്ക് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു.

പെറുവിലെ നാപ്പോ നദിയിലൂടെ സ്വന്തമായി നിർമ്മിച്ച ചെറിയ ചങ്ങാടത്തില്‍ യാത്ര തുടങ്ങിയ മാഹിന്‍ യാത്രയ്ക്ക് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. മാഹീന്‍ കുറച്ചു ദിവസങ്ങളിലായി ഓഫ്‍ലൈനിലാണെന്നും അപ്‌ഡേറ്റുകളൊന്നുമില്ലെന്നുമാണ് യാത്രയുടെ രണ്ടാം ദിവസം മാഹീന്‍ ഷെഡ്യൂള്‍ ചെയ്ത പോസ്റ്റ്. മാര്‍ച്ച് 13 നാണ് മാഹീന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ചങ്ങാട യാത്രയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി മാഹീൻ തന്നെ എത്തിയിരിക്കുകയാണ്. വലിയൊരു അപകടത്തിൽ നിന്നുമാണ് താൻ രക്ഷപ്പെട്ടതെന്ന് മാഹീൻ പറയുന്നു.  ഒരിക്കലും വിവരിക്കാന്‍ പറ്റാനാകാത്ത അപകടമാണ് നടന്നത്. എന്‍റെ ജീവിതത്തില്‍ നടന്ന ഏറ്റവും വലിയൊരു അപകടമാണിത്. ഇതൊക്കെ ഞാന്‍ എങ്ങനെ അതിജീവിച്ചു എന്നത് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഭാവിയില്‍ എന്‍റെ കൊച്ചുമക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഒരു കഥ കൂടിയായി എന്ന് പറഞ്ഞാണ് പുതിയ വിഡിയോ. എന്നാല്‍ റീച്ചിന് വേണ്ടി കാട്ടിക്കൂട്ടുന്ന തട്ടിപ്പെന്നാണ് കമന്‍റ് ബോക്സിലെ അഭിപ്രായം.

മാഹിന്‍റെ വാക്കുകള്‍

യാത്ര തുടങ്ങി കുറേ ദൂരം കഴിഞ്ഞപ്പോള്‍ വലിയ മഴ വന്നു. അതുകാരണം പുഴയുടെ ഒഴുക്കും കൂടി. വലിയ മരങ്ങള്‍ പുഴയുടെ നടുക്കൊക്കെ സ്റ്റക്കായി കിടക്കുന്നുണ്ടായിരുന്നു. അതെല്ലാം താണ്ടി നമ്മള്‍ പോയി. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ഒഴുക്ക് കാരണം ക്രോസ് ചെയ്യാന്‍ പറ്റിയില്ല. ചങ്ങാടം ഇടിച്ചു. മറിഞ്ഞു. അടിയിലൂടെ ഒഴുകാന്‍ തുടങ്ങി. അതാണ് എന്റെ ഓർമ. ഒരു തടിയില്‍ പിടിച്ചെങ്കിലും അത് പൊട്ടി വീണു. വേറൊരു തടിയില്‍ വീണ്ടും പിടിച്ച് നിന്നു. ഇതിനിടയില്‍ സാധനങ്ങളും ചങ്ങാടവും സുഹൃത്തുക്കളും പുഴ എടുത്തോണ്ട് പോയി. ഞാന്‍ ഒറ്റക്കായി. പുഴയില്‍ നിന്നും കാട്ടിലേക്ക് കയറണം എന്നതായി എന്‍റെ ചിന്ത. കാട്ടിലെത്തിയാല്‍ ഞാന്‍ സര്‍വൈവ് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ പുഴയിലേക്ക് ചാടി 30 സെക്കന്‍റോളം മരണ വെപ്രാളത്തില്‍ നീന്തി. വലിയൊരു തടിയില്‍ കയറി പിടിച്ചു. അവിടെന്ന് വീണ്ടും നീന്തി എങ്ങനെയൊക്കെയോ കരയില്‍ എത്തി. കയ്യിലും കാലിലും മുറിവുകളായി. എനിക്ക് ഒപ്പമുള്ളവരെ പുഴയുടെ സമീപത്തുള്ള ഗ്രാമവാസികളാണ് രക്ഷിച്ചത്. അവര്‍ തന്നെയാണ് എന്നെ രക്ഷിച്ചതും.

ഈ വീഡിയോ എടുക്കാന്‍ ഞാന്‍ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. രക്ഷപ്പെടുമെന്നും കരുതിയില്ല. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ്. ല്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഫോണും ക്യാമറയും നഷ്ടപ്പെട്ടു. ക്യാമറ പൊട്ടിയാണ് വെള്ളത്തില്‍ പോയത്. ഞാൻ വീണ്ടും ആമസോൺ നദിയിലൂടെ സഞ്ചരിക്കും. അതിനുള്ള കോൺഫിഡൻസ് ഉണ്ട്.

ENGLISH SUMMARY:

Hitchhiking Nomad, Maheen, shares his harrowing survival story after a perilous Amazon River trip where his raft capsized. He details the terrifying experience and his subsequent rescue, recounting it as a tale for his grandchildren.