Image Credit: PTI

Image Credit: PTI

ക്രിക്കറ്റ് താരം അര്‍ഷ്​ദീപ് സിങിനോട് സമൂഹമാധ്യമങ്ങളിലേക്കുള്ള വ്ലോഗിങ് അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് ബിസിസിഐ. വിമാനത്തിലിരുന്ന് യുസ്​വേന്ദ്ര ചഹല്‍ വേപ് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് നടപടി. ടീം അഹമ്മദാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക്  യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് ചഹല്‍ വേപ് ഉപയോഗിച്ചത്. 

അര്‍ഷ്ദീപിനും ശശാങ്ക് സിങിനുമൊപ്പം ഇരുന്ന ചഹല്‍ വിഡിയോയ്ക്കിടെ പെട്ടെന്ന് കൈ കൊണ്ട് വായ മറയ്ക്കുകയും മറുകൈ കൊണ്ട് എന്തോ ചുണ്ടോട് അടുപ്പിക്കുകയും പിന്നാലെ പുകപോലെ പുറത്തേക്ക് വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ വിഡിയോ അര്‍ഷ്ദീപ് ആദ്യം പുറത്തുവിട്ടിരുന്നു. ആളുകള്‍ കമന്‍റിട്ടതോടെ ഇത് പിന്‍വലിക്കുകയും എഡിറ്റ് ചെയ്ത വിഡിയോ ഇടുകയും ചെയ്തു. പക്ഷേ അതിനകം ആദ്യത്തെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ ചഹലോ അര്‍ഷ്​ദീപോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎലിനിടെ ഇനി വ്ലോഗ് ചെയ്യരുതെന്നാണ് നിലവിലെ നിര്‍ദേശം. പഞ്ചാബ് കിങ്സിനായാണ് ഇരുവരും കളിക്കുന്നത്. 

പ്രൊഹിബിഷന്‍ ഓഫ് ഇ–സിഗരറ്റ്  ആക്ട് 2019 പ്രകാരം ഫ്ലൈറ്റിലിരുന്നുള്ള ഉപയോഗം കുറ്റകരമാണ്. വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണിതെന്നും കുറ്റക്കാര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ, പത്തുലക്ഷം രൂപ വരെ പിഴയോ വിമാനയാത്രാ വിലക്കോ ലഭിക്കാം.

ഇതാദ്യമായല്ല ഈ സീസണില്‍ വേപിങ് വിവാദമുണ്ടാകുന്നത്. ഡ്രസിങ് റൂമിലിരുന്ന് വേപ് ഉപയോഗിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെതിരെ നടപടി വന്നിരുന്നു. പഞ്ചാബിനെതിരായ മല്‍സരത്തില്‍ ഡ്രസിങ് റൂമിലിരുന്ന് പുകയെടുത്ത പരാഗിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി കിട്ടിയത്. ടൂര്‍ണമെന്‍റിനിടയില്‍ സിഗരറ്റ്, ഇ–സിഗരറ്റ് എന്നിവയടക്കം ഉപയോഗിക്കുന്നത് വിലക്കി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറിയിരുന്നു. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ചട്ടലംഘനം നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

The BCCI has ordered Punjab Kings pacer Arshdeep Singh to stop his social media vlogging after a controversial video involving teammate Yuzvendra Chahal surfaced online. The footage, captured during a flight from Ahmedabad to Hyderabad, appeared to show Chahal using a vape (e-cigarette) and attempting to hide it. Under the Prohibition of E-Cigarettes Act 2019, vaping on a flight is a serious offense that can lead to imprisonment or heavy fines. This incident follows a similar controversy involving Rajasthan Royals captain Riyan Parag, who was recently fined 25% of his match fee for vaping in the dressing room. Consequently, the BCCI has issued strict guidelines banning all forms of smoking and vaping in restricted team areas, warning of surprise inspections and severe penalties for violators.