തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടും നിലവിലെ ന്യൂറോസർജറി വിഭാഗം മേധാവിയുമായ ഡോ. ബിഎസ് സുനിൽകുമാറിനെതി യുവതി നൽകിയ ലൈംഗികാതിക്രമ പരാതി ഹണിട്രാപ്പാണെന്ന മറു പരാതിയുമായി ഡോക്ടറുടെ ഭാര്യ രംഗത്ത്. ഒന്നര വർഷത്തിലേറെയായി വിവാഹ വാഗ്ദാനം നൽകി തന്നെ തൃശൂരിലും തിരുവനന്തപുരത്തും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഡോക്ടർക്കെതിരായ പരാതി.
എന്നാൽ പരാതിക്കാരിയായ യുവതിയുടെ ലക്ഷ്യം പണവും ഫ്ലാറ്റുമാണെന്നും എല്ലാം ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നുമാണ് ഡോക്ടറുടെ ഭാര്യ വ്യക്തമാക്കുന്നത്. യുവതിയുടെ ശല്യത്തെ തുടർന്ന് ഇതിനു മുമ്പും വനിതാകമ്മിഷനിൽ പരാതി നൽകിയിരുന്നു. കൗൺസലിങ്ങിന് വിളിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു അന്ന്. - ഡോക്ടറുടെ ഭാര്യ യുവതിക്ക് എതിരായ പരാതിയിൽ വ്യക്തമാക്കുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തിരുന്നു പൊലീസ്. 2023ൽ മെഡിക്കൽകോളേജിനടുത്തെ ഹോട്ടലിലും കോവളത്തും മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ രണ്ടാം ഭാര്യയായി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകിയതായും പരാതിയിൽ പറയുന്നു.
എന്നാൽ യുവതി തന്നെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഡോക്ടറുടെ ഭാര്യ ഹണി ട്രാപ്പാണെന്ന പരാതിയുമായെത്തുന്നത്. യുവതിയുടേത് കള്ള പരാതിയാണെന്നും അത് നിയമപരമായി നേരിടുമെന്നും ഡോ. സുനിൽകുമാറിന്റെ ഭാര്യ പറഞ്ഞു.
വിദേശത്ത് ജോലി ചെയ്ത തിരുവനന്തപുരം സ്വദേശിയായ സ്ത്രീ ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് ഡോ. സുനില്‍കുമാറിനെ പരിചയപ്പെട്ടതും അടുപ്പത്തിലായതും. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
10 ലക്ഷത്തിന്‍റെ കാറും സ്വർണാഭരണങ്ങളും സ്ത്രീക്ക് ഡോക്ടർ വാങ്ങിക്കൊടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ, കവടിയാറിൽ ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. 2 കൂട്ടരുടെ പരാതിയിലും വിശദമായ അന്വേഷണം നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.