രുചിയുള്ള ഭക്ഷണം കീശ ചോരാതെ അതിവേഗം. തട്ടുകടകളും റോഡരികിലെ ചായപ്പീടികയും സാധാരണക്കാരന്റെ ഇഷ്ട ഇടങ്ങളാവുന്നതിന്റെ കാരണം പലതാണ്. ഗ്യാസ് സിലിണ്ടർ ലഭ്യതക്കുറവ് കാരണം പല കടകളും പൂട്ടിയതിനൊപ്പം ബദൽ മാർഗമായ വിറകിലേക്ക് നീങ്ങിയവർക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പൊരിയുന്നത് എരിയുന്ന വയറിലേക്ക് രുചി നിറയ്ക്കാനാണ്. പഴം പൊരിയും, ഉഴുന്ന് വടയും തുടങ്ങി കണ്ണാടിക്കൂട്ടിൽ നിറയുന്ന വൈവിധ്യങ്ങളും ഏറെയാണ്. വില തുച്ഛം ഗുണം മെച്ചമെന്ന മട്ടിലുള്ള ചായത്തട്ടുകൾ ഗ്യാസ് ക്ഷാമം കാരണം ഭൂരിഭാഗവും വിറകിലേക്ക് മാറിയെങ്കിലും ഇന്ധന വരവില്ലായ്മ ഈമട്ടിലാണെങ്കിൽ പ്രതിസന്ധിയേറും.
പുലരുവോളം ദോശയും ചമ്മന്തിയും ഓംലറ്റുമെല്ലാം വിറ്റിരുന്ന കടകൾ നേരത്തെ പൂട്ടിത്തുടങ്ങി. ഇന്ധന ക്ഷാമം മറികടക്കുക ഇവർക്കും വെല്ലുവിളിയാണ്. വഴിയോരക്കടകളിലെ വിഭവങ്ങൾ കൂടി പ്രതിസന്ധിയിൽ വഴിമാറുമ്പോൾ ക്ഷാമം കാരണം ക്ഷേമമില്ലാത്ത സ്ഥിതിയെത്തിക്കും. തട്ടുകടകൾ പലതും പൂട്ടിയ കടകളായതിൻ്റെ നേർചിത്രവും വ്യത്യസ്ത ഇടങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.