സാങ്കേതിക തകരാറിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെ യാത്രക്കാരിയും വിമാനജീവനക്കാരും തമ്മിൽ പൊരിഞ്ഞ തർക്കം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയാണ് കഴിഞ്ഞദിവസം കാബിൻ ക്രൂവുമായി വാക്കുതർക്കത്തിലേർപ്പെട്ടത്.
വിമാനം ടേക്കോഫ് ചെയ്‌തതിന് പിന്നാലെ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര ലാൻഡിങ്ങിനായി വിമാനം തയാറെടുത്തത്. ഇതിനുവേണ്ടി കടലിന് മുകളിൽ വച്ച് ഇന്ധനം കത്തിച്ചുകളയേണ്ടിയിരുന്നു. ഈ സമയത്ത് യാത്രക്കാരി അപ്രതീക്ഷിതമായി സീറ്റിൽ നിന്നെഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു.
ഇപ്പോൾ പോകാൻ കഴിയില്ലെന്നും അത് അപകടമാണെന്നും ക്യാബിൻ ക്രൂ പലവട്ടം യാത്രക്കാരിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാൽ സീറ്റിലേക്ക് മടങ്ങണമെന്നും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ക്യാബിൻ ക്രൂ അപേക്ഷിച്ചെങ്കിലും യാത്രക്കാരി സഹകരിച്ചില്ല. ടോയ്‌ലറ്റിന്റെ വാതിൽ ബലമായി തള്ളിത്തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാർ തടഞ്ഞു.
ശേഷം നിർബന്ധപൂർവം സീറ്റിൽ ഇരുത്തി. വിമാനം ലാൻഡ് ചെയ്‌തതോടെ ക്യാബിൻ ക്രൂവിനെതിരെ യാത്രക്കാരി പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. ജീവനക്കാർ മോശമായി പെരുമാറി എന്നാരോപിച്ചാണ് യാത്രക്കാരി വിമാനത്താവള അധികൃതരെ സമീപിച്ചത്. തുടർന്ന് പരാതി വലിയതുറ സ്റ്റേഷനിലേക്ക് കൈമാറി. എന്നാൽ സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി.
സാങ്കേതികപ്രശ്നം മൂലം അടിയന്തരമായി വിമാനം തിരിച്ചിറക്കുന്ന സമയത്തെ സുരക്ഷാ മുൻകരുതലുകളെപ്പറ്റിയും നിയമങ്ങളെക്കുറിച്ചും പൊലീസ് യാത്രക്കാരിയോട് വിശദീകരിച്ചതോടെയാണ് അവർ പരാതി പിൻവലിച്ചത്.