ആറ്റുകാല്‍ പൊങ്കാലയുടെ മറവില്‍ നടന്നത് വന്‍ പാര്‍ക്കിങ് കൊള്ളയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള ഗാന്ധി പാര്‍ക്കില്‍ പോലും അനധികൃത പിരിവ് നടന്നു. ഗാന്ധി പാര്‍ക്കിലെ കരാറുകാരനെ പുറത്താക്കുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു.
നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ സ്കൂളായ എസ്.എം.വി സ്കൂളിലെ പി.ടി.എ കമ്മിറ്റി വന്‍ തട്ടിപ്പ് നടത്തുന്നതായും കോര്‍പ്പറേഷന്‍ ആരോപിച്ചു.
ആറ്റുകാല്‍ പൊങ്കാല തലസ്ഥാനത്തിന്‍റെ ആതിഥ്യമര്യാദയുടെയും ഉത്തമ ഉദാഹരണമാണ്. ആ പ്രതാപത്തിന് ചീത്തപ്പേര് വരുത്തുന്ന തരത്തിലാണ് പാര്‍ക്കിങ് കൊള്ള നടന്നത്. അഞ്ചും ആറും മണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്യാനായി അഞ്ഞൂറും എണ്ണൂറും രൂപ വരെയാണ് പലരും പിടിച്ചുപറിച്ചത്.
സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമല്ല,കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തില്‍ കിഴക്കേകോട്ടയിലുള്ള ഗാന്ധിപാര്‍ക്കില്‍ പോലും ഈ കൊള്ള നടന്നു. അതിന്‍റെ തെളിവ് കോര്‍പ്പറേഷന്‍ കയ്യോടെ പിടിച്ചു.
2023 മുതല്‍ ലൈസന്‍സ് റദ്ദായ കരാറുകാരനാണ് ഇപ്പോളും ഗാന്ധി പാര്‍ക്കില്‍ തുടരുന്നതെന്നും കൊള്ള നടത്തിയതെന്നും സ്ഥിരീകരിച്ചതോടെ ആര്യ രാജേന്ദ്രന്‍റെ നേതൃത്വത്തിലെ മുന്‍ ഭരണസമിതിയുടെ നടപടിയെ കൂടിയാണ് നിലവിലെ ബി.ജെ.പി ഭരണസമിതി പ്രതിക്കൂട്ടിലാക്കുന്നത്.
അതിനിടെ നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളായ എസ്.എം.വി സ്കൂളിന്‍റെ പി.ടി.എ കമ്മിറ്റിക്കെതിരെയും മേയര്‍ തുറന്നടിച്ചു. സര്‍ക്കാര്‍ സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള തേക്ക് മരം ഉള്‍പ്പടെ വെട്ടിവില്‍ക്കുകയും അനധികൃത പണപ്പിരിവ് നടത്തുന്നതും പതിവാണെന്നും മേയര്‍.
ഇതോടെ സര്‍ക്കാര്‍ സ്കൂളിന്‍റെ പി.ടി.എയ്ക്കെതിരെ വിദ്യാഭ്യാസ മന്ത്രി എന്ത് നടപടിയെടുക്കുമെന്ന ചോദ്യം കൂടിയാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.