ആറ്റുകാല്‍ പൊങ്കാലക്കിടെ മോശം ആംഗിളില്‍ എടുത്ത വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ നടി രമ്യ പണിക്കര്‍. ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വിഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും രമ്യ പണിക്കര്‍ പറഞ്ഞു. തന്‍റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വിഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടെയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വിഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി.
പൊങ്കാല ഇടുമ്പോൾ മുറ്റത്താണ് അടുപ്പ് കുട്ടുന്നത്. പായസത്തിന്‍റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്‍റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്.
പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വിഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്‍റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വിഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർഥന — നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വിഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ട് തവണ ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല — എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്, രമ്യ കുറിച്ചു.