ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതമാണ് ആയത്തുള്ള അലി ഖമനയിയെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വിശുദ്ധ റമളാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെയെന്നും അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസോടെ പോരാടിയെന്നും മുനവറലി തങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അതേ സമയം ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്.