Untitled design - 1

പാളയം ഇമാമിന്റെ വാക്കുകൾ പൊങ്കാലക്കെത്തുന്ന അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയുടെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസംഗവും ശോഭ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്‌ത്‌ കൊണ്ടായിരുന്നു തിരുവനന്തപുരത്തെ പാളയം പള്ളി ഇമാം സുഹൈബ് മൗലവിയുടെ പ്രസംഗം. 

പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാന്‍ വീടുകളും മസ്‌ജിദുകളും തുറന്ന് നല്‍കണമെന്നും ഇമാം ആഹ്വാനം ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ജുമാ നമസ്‌കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്. 

ശോഭ സുരേന്ദ്രന്‍ പങ്കുവെച്ച സുഹൈബ് മൗലവിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം 

എനിക്ക് ഇന്ന് എൻ്റെ പ്രിയ സഹോദരീ സഹോദരൻമാരോട് പ്രത്യേകമായ ഒരു കാര്യം പറയാനുണ്ട്. 

അടുത്ത ദിവസം ആറ്റുകാൽ പൊങ്കാലയാണ്.

 നമ്മൾ മറ്റൊരു വിശ്വാസത്തെയും അനുകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല. 

അതു പക്ഷേ വേറൊരു കാര്യമാണ്: ഇപ്പോൾ നമുക്കു മുന്നിലുള്ള പ്രധാന കാര്യം ലക്ഷക്കണക്കിനു ഹൈന്ദവ സഹോദരിമാരും നിരവധി കുട്ടികളും ഈ തലസ്ഥാന നഗരത്തിലേക്ക് ഒഴുകിയെത്തുന്നു എന്നുള്ളതാണ്.

നമ്മൾ റമദാൻ നോമ്പിലാണ് എന്നതു ശരി തന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്ന സഹോദരിമാർക്കും കുട്ടികൾക്കും, പ്രത്യേകിച്ചും ഈ കൊടുംചൂടുകാലത്ത്, വെള്ളവും ഭക്ഷണവും നൽകാൻ അതൊരു തടസ്സമായിക്കൂടാ. 

വർഷങ്ങളായി നമ്മൾ ചെയ്യുന്ന കാര്യമാണത്.

 കഴിഞ്ഞ തവണയും റമദാൻ നോമ്പും ആറ്റുകാൽ പൊങ്കാലയും ഒന്നിച്ചാണു വന്നത്. അന്നും നമ്മൾ സാഹോദര്യത്തിൻ്റെ പതിവു രീതികളിൽ ഒരു മാറ്റവും വരുത്തിയില്ല. 

നമ്മുടെ പള്ളികളും വീടുകളും ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന സഹോദര സമുദായാംഗങ്ങൾക്കു വേണ്ടി തുറന്നിടണം.

 മനുഷ്യരെ തമ്മിൽ സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ അകറ്റാൻ ശ്രമിക്കുന്ന നിഷേധാത്മക ശക്തികൾക്കും ഇസ്‌ലാമോ ഫോബിയയ്ക്കും നമ്മുടെ മറുപടി ഇതാണ് : സ്നേഹം, സാഹോദര്യം, മാനവികത.

അതുകൊണ്ട് പ്രിയ സഹോദരീ സഹോദരൻമാരേ, സാഹോദര്യത്തിൻ്റെ ചേർത്തുപിടിക്കൽ കൊണ്ട് ആറ്റുകാൽ പൊങ്കാലയെ ഇത്തവണയും നമ്മൾ സുന്ദരവും മനസ്സുകളെ നിറയ്ക്കുന്നതുമായ അനുഭവമാക്കി മാറ്റും.

ദൈവിക പ്രീതി മാത്രം ലക്ഷ്യമാക്കി നമ്മൾ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളിലും സർവശക്തൻ്റെ പിന്തുണയും അനുഗ്രഹവുമുണ്ടാകട്ടെ :

ആമീൻ.. 

ENGLISH SUMMARY:

Attukal Pongala will be embraced by mothers attending, as stated by BJP leader Shobha Surendran. She shared the speech of Palayam Imam Dr. VP Suhaib Moulavi on Facebook, highlighting his call for community support and hospitality.