വയലിൽ വീണ്ടും നെൽകതിരുകൾ വിരിയണമെന്ന പ്രാർത്ഥനയുമായി നൂറ്റിരണ്ടാം വയസിലും ഒരു കർഷകയുടെ പോരാട്ടം. പൊക്കാളി കൃഷി സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവിന് മുന്നിൽ സങ്കട ഹർജി സമർപ്പിച്ചിരിക്കുകയാണ് ചെല്ലാനം സ്വദേശിനിയായ ഫിലോമിന ബേബി.

കൊച്ചി ചെല്ലാനം മറുവക്കാട് കളത്തുങ്കൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരം. ഇവിടെയാണ് നൂറ്റിരണ്ടാം വയസിലുംപൊക്കാളി കൃഷിയുടെ സ്വപ്നം കൈവിടാതെ ഫിലോമിന ബേബി എന്ന കർഷക ജീവിക്കുന്നത്. പതിനാറാം വയസ്സിൽ കൃഷിയിലേക്ക് ഇറങ്ങിയ ഫിലോമിന,1990-ൽ ഭർത്താവ് ജോസഫിന്റെ മരണത്തിന് ശേഷം മക്കളുടെ സഹായത്തോടെ കൃഷി മുടങ്ങാതെ തുടരുകയായിരുന്നു. എന്നാൽ 2014-നു ശേഷം ഒരു വിളവെടുപ്പുപോലും വിജയകരമായി നടത്താൻ കഴിഞ്ഞിട്ടില്ല

പാടശേഖരത്തിലെ ജലനിരപ്പ് കൃഷിക്ക് അനുയോജ്യമായി കൃഷി വകുപ്പ് നിയന്ത്രിക്കാത്തതാണ് വിളനാശത്തിന് കാരണമെന്നാണ് ഫിലോമിനയുടെ പരാതി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊക്കാളി ലാൻഡ് ഡെവലപ്മെന്റ് ഏജൻസി  സമിതി അംഗം കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതുയുഗ  യാത്രയിൽ  സങ്കട നിവേദനം സമർപ്പിച്ചു. വാർദ്ധക്യത്തിന്റെ അവശത മൂലം നേരിട്ട് എത്താൻ കഴിയാതിരുന്ന ഫിലോമിന മകൻ മുഖാന്തിരമാണ് നിവേദനം നൽകിയത്. 102 വയസായ തന്റെ കണ്ണടയുന്നതിന് മുൻപെങ്കിലും നെൽകൃഷി വിജയകരമായി കാണണമെന്നതാണ് ഈ അമ്മയുടെ അവസാന ആഗ്രഹം. തന്റെ ആവശ്യം പ്രതിപക്ഷനേതാവ് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫിലോമിന ബേബി.

ENGLISH SUMMARY:

Philomina Baby, a 102-year-old farmer, is fighting to revive the traditional Pokkali rice cultivation in Chellanam, Kerala. She has submitted a plea to the opposition leader to address the issues causing crop damage and ensure the sustainability of this unique farming method.