കേരളത്തിലെ പാവപ്പെട്ടവർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികൾ വലിയ പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും, മന്ത്രിമാർക്ക് അത് പറഞ്ഞാൽ മനസിലാകില്ലെന്നും ഡോ. എസ്എസ് ലാൽ. സർക്കാരാശുപത്രികളിൽ പോയി ദുരിതമനുഭവിക്കുന്ന സിപിഎംകാർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് അത് മനസിലാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

'ഞാൻ ശ്രമിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്റർ കിട്ടാതെ ഒരു അൻപത്തഞ്ചുകാരൻ രണ്ടാഴ്ച മുമ്പ് മരിച്ചു. അദ്ദേഹത്തിനായി എന്നെ വിളിച്ചത് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ സി.പിഎംകാരായിരുന്നു. വെൻ്റിലേറ്ററിന് പാർട്ടിയില്ലല്ലോ.

കേരളത്തിലെ സർക്കാരാശുപത്രികളിൽ വലിയ പ്രശ്നങ്ങളുണ്ട്. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാൽ ജില്ലാ ആശുപത്രികളിൽപ്പോലും അടിയന്തിര ചികിത്സകളില്ല. അതിനാൽ പാവപ്പെട്ടവർ മെഡിക്കൽ കോളേജിൽ പോകും. അവിടത്തെ തിരക്ക് കാണുമ്പോൾ പണം കടം വാങ്ങി ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ പോകും. 

മുഖ്യമന്ത്രി അമേരിക്കയിലെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ആരോഗ്യ മന്ത്രിമാരുൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും പ്രധാനമായും സ്വകാര്യാശുപത്രികളിലാണ് ചികിത്സയ്ക്ക് പോകുന്നത്. മുൻ മുഖ്യമന്ത്രി അച്യുതാനൻ്റെ അവസാന നാളുകൾ ഒരു വലിയ സ്വകാര്യാശുപത്രിയലായിരുന്നു.  അതുകൊണ്ട് സി.പി.എം നേതാക്കൾക്ക് ഞങ്ങൾ പറയുന്ന കാര്യങ്ങൾ മനസിലാകില്ല. സി.പി.എം അണികളായ സാധാരണ മനുഷ്യർക്ക് മനസിലാകും. 

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നവരെ സ്വകാര്യാശുപത്രികളുടെ ഏജൻ്റുമാരായാണ് സി.പി.എം ചിത്രീകരിക്കുന്നത്. അത് വിവരക്കേട് മാത്രമാണ്. ഞങ്ങളെ ആക്ഷേപിക്കുന്ന ഈ സി.പി.എം കേരളത്തിൽ ഒരുപാട് സ്വകാര്യാശുപത്രികൾ നടത്തുന്നുണ്ട്. ഈ ആശുപത്രികളിൽ കൊള്ള ലാഭമുണ്ടാക്കാൻ സി.പി.എം നടത്തുന്ന കള്ളക്കളികൾ പലതും ഞങ്ങൾക്കറിയാം. പുതിയ വിവരങ്ങളും കിട്ടുന്നുണ്ട്. ആവശ്യം വരുമ്പോൾ പറയാം.

കേരളത്തിലെ സർക്കാരാശുപത്രികളിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. സേവനസന്നദ്ധരായ ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരാണ് അതിന് കാരണം. പിന്നെ ആരോഗ്യ അവബോധവും സാക്ഷരതയുമുള്ള കേരള ജനതയും. പ്രത്യേകിച്ച് സ്ത്രീകള്‍. അല്ലാതെ മന്ത്രിസഭയുടെ ഏതെങ്കിലും ഉത്തരവ് കാരണം കേരളം ഒരു സുപ്രഭാതത്തിൽ ഒന്നാം സ്ഥാനത്തായതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

എൻ്റെ വെല്ലുവിളി ഇതാണ് എന്ന ഉപ തലക്കെട്ടിൽ സർക്കാരിനോട് 4 ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

1. മുഖ്യമന്ത്രി അവസാനമായി ചികിത്സയ്ക്ക് പോയ സർക്കാർ ആശുപത്രി ഏതാണ്? തീയതി ഏതാണ്? 

2. ആരോഗ്യമന്ത്രി അവസാനമായി ചികിത്സയ്ക്ക് പോയ സർക്കാർ ആശുപത്രി ഏതാണ്? തീയതി? (ഒരിക്കൽ വഴിയിൽ അത്യാവശ്യം വന്നപ്പോൾ പെട്ടെന്ന് കയറിയ സർക്കാരാശുപത്രിയുടെ കാര്യം ഇവിട എടുക്കില്ല.)

3. മുഖ്യമന്ത്രി അമേരിക്കയിൽ നടത്തുന്ന ചികിത്സ കേരളത്തിൽ ലഭ്യമല്ലെന്ന് ഏതെങ്കിലും സി.പി.എം ഡോക്ടറെക്കൊണ്ടെങ്കിലും പറയിക്കാമോ?

4. അച്യുതാനന്ദനെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സിക്കാതിരുന്നത് എന്തു കൊണ്ടാണ്.

ഇതിന് സി.പി.എം ഉത്തരം നൽകുകയാണെങ്കിൽ അതിന് ശേഷം സി.പി.എം നടത്തുന്ന ആശുപത്രികളിലെ കൊള്ളകളുടെ കഥകൾ പറയാം. സി.പി.എം ൻ്റെ പ്രൈവറ്റ് ആശുപത്രികൾ വളർത്താൻ മറ്റ് സർക്കാർ ആശുപത്രികളെ സി.പി.എം എങ്ങനെ തകർക്കുന്നുണ്ടെന്നും വെളിപ്പെടുകത്താം. - ഡോ: എസ്.എസ്. ലാൽ കുറിച്ചു.