നിഴലുകൾ കഥയും കഥാപാത്രങ്ങളുമാകുന്ന പാരമ്പര്യ കല. വെളിച്ചത്തിനു മുൻപിൽ ജീവൻ തുടിക്കുന്ന തോൽപ്പാവകൾ. കാലമേറെ മാറിയിട്ടും കേരളത്തിന്റെ ഒളിമങ്ങാത്ത തനത് സാംസ്കാരികമുദ്രയാണ് തോൽപ്പാവക്കൂത്ത്. നിഴലും വെളിച്ചവും കഥക്കൂട്ട് ഒരുക്കുന്ന ഈ അപൂർവ ദൃശ്യ വിരുന്നിന്റെ അരങ്ങും അണിയറയും കണ്ടാലോ.
കേരളത്തിലെ സാംസ്കാരിക നിശകളെ ഇന്നും പ്രകാശിപ്പിക്കുന്ന നിഴൽനാടകമാണ് തോൽപ്പാവക്കൂത്ത്. ഭഗവതി ക്ഷേത്രോത്സവങ്ങളോട് ചേർന്ന് കൂത്തുമാടങ്ങളിൽ അരങ്ങേറുന്ന ഈ കലയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പ്രതാപവുമുണ്ട്. മാൻതോലിൽ കൊത്തിവരച്ച പാവകൾ… 21എണ്ണ വിളക്കുകൾ … മുൻപിൽ വെള്ളതിരശ്ശീല… അതിന് പിന്നിൽ കലാകാരന്മാരുടെ കൈകളിൽ കഥകൾക്ക് ജീവൻ ലഭിക്കുന്നു. രാമായണത്തിലെ കഥാസന്ദർഭങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. സംഭാഷണങ്ങളും പാട്ടുകളും ചെണ്ടമേളവും ചേരുംപടി ചേരുമ്പോൾ നിഴലുകൾ തന്നെ കഥാപാത്രങ്ങളായി മാറുന്നു. ഒരു പാവയെ ഉണ്ടാക്കാൻ പോലും ദിവസങ്ങളോളം പരിശ്രമം വേണം. തലമുറകളായി പാരമ്പര്യമായി കൈമാറിക്കിട്ടുന്ന കലാ സുകൃതം കൂടിയാണ് തോൽപ്പാവക്കൂത്ത്
പാലക്കാട് ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ ഇപ്പോഴും ഈ നിഴൽവിസ്മയം തുടരുന്നു. ഒരു മറയ്ക്ക് അപ്പുറമിപ്പുറം നിഴലും വെളിച്ചവും ഇഴചേർന്ന് നിറനിലാവൊരുക്കുന്ന സമ്മോഹന നിമിഷങ്ങൾ. പാരമ്പര്യം ഒരു കെടാവെളിച്ചമായി അരങ്ങുകളിൽ പടരട്ടെ.