യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പ്രതിഷേധം കണ്ട് ഭയന്നോടുന്ന ആളല്ല താനെന്നും  ഇവിടെത്തന്നെ ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

'നിങ്ങള്‍ എന്ത് കൊണ്ടാ പ്രതിഷേധക്കാര്‍ ഇവിടെ ഉണ്ടെന്ന് എന്നോട് ഫോണ്‍ ചെയ്ത് പറയാത്തത്. എങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ ഇവിടെ വരത്തില്ലായിരുന്നോ?. ഞാന്‍ പത്തനംതിട്ട ടൗണില്‍ തന്നെ കാണും. അപ്പോള്‍ പ്രതിഷേധക്കാര്‍ പോയി കഴിഞ്ഞ ശേഷം ഞാന്‍ വന്നു എന്ന് പറയുന്നത് ശെരിയാണോ?. നിങ്ങള്‍ മാധ്യമങ്ങളോടല്ലേ അവര്‍ പറഞ്ഞിട്ട് വരുന്നത്. എന്നെ ഫോണ്‍ ചെയ്തിട്ടല്ലല്ലോ വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെയുണ്ടാകും. ഒരു പൊലീസ് സന്നാഹവും വേണ്ട'. – മന്ത്രി വ്യക്തമാക്കുന്നു. 

സ്വകാര്യാശുപത്രിയിലെ കുത്തകകള്‍ക്കുവേണ്ടിയാണ് ഈ പ്രതിഷേധമെന്നാണ് മന്ത്രിയുടെ ആരോപണം. പെര്‍ഫോം ചെയ്യാത്ത വകുപ്പെങ്കില്‍ പ്രതിഷേധമുണ്ടാകുമോ?. സര്‍ക്കാര്‍ ആശുപത്രികളിലെ നേട്ടങ്ങള്‍ കാണാതെ പോകരുത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയല്ലാതെ എന്ത് ചെയ്യും?. താൻ നടന്നു തന്നെ പോകും. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് പ്രതിപക്ഷം പറയൂ. സസ്പെൻഷൻ ആണ് ആദ്യത്തെ നടപടി. ചില ഡോക്ടർമാർ രോഗികളെ തൊട്ടു നോക്കാതെ പോലും പരിശോധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ഡോക്ടർമാരുടെ സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി. 

അതേസമയം, ആലപ്പുഴ മെഡി.കോളജ് ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ വീട്ടമ്മയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഉഷ ജോസഫിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഇന്നലെ നടത്തിയ വിശദപരിശോധനയിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാൻ തീരുമാനിച്ചത്. അതിനിടെ ശസ്തക്രിയ നടന്ന 2021 മേയിൽ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കുടുംബത്തിൻ്റെ പരാതിയിൽ എടുത്ത കേസിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.