Image: Facebook,Santhosh Pandit
ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. സാധാരണ വീടുകളിൽ കൽപ്പണിയെടുക്കുന്ന തൊഴിലാളികൾ പോലും വൈകീട്ട് തിരിച്ചു പോകുമ്പോൾ രാവിലെ പണിക്കു കൊണ്ട് വന്ന കൈകോട്ട്, പിക്കാസ്, പാര ഒക്കെ തിരിച്ചു കൊണ്ട് പോകുന്നു എന്ന് ഉറപ്പു വരുത്താറുണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് ഇതൊക്കെ ഒന്ന് വൃത്തിയായി എണ്ണിക്കൂടേയെന്നും ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങളും മൊബൈലുമൊക്കെ രോഗിയുടെ വയറ്റിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം പോലും കാണിക്കാത്ത ഡോക്ടര്‍മാരെ കത്രികപ്പൂട്ടിട്ട് പൂട്ടാന്‍ സമയമായെന്നാണ് പണ്ഡിറ്റ് പറയുന്നത്.
മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും ഒക്കെ അസുഖം വന്നാൽ അമേരിക്കയിലും വിദേശത്തുമൊക്കെ പോയി ചികിത്സ തേടാൻ അവസരം ഉണ്ട്. സാധാരണക്കാർക്ക് അത് പറ്റില്ലല്ലോ, കോഴിക്കോട് മെഡിക്കൽ കോളേജില്‍വച്ച് സമാനമായ അനുഭവമുണ്ടായ ഹര്‍ഷിനയുടെ അനുഭവത്തെക്കുറിച്ചും പണ്ഡിറ്റ് സംസാരിക്കുന്നു. ലക്ഷക്കണക്കിന് പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത് സർക്കാർ ആശുപത്രികളിൽ നിന്നാണ്.
ഇത്തരം വീഴ്ചകൾ കാണിച്ചു ആരും മൊത്തം സിസ്റ്റത്തെ മോശമാക്കരുത് എന്ന് കൂടി ഓർമ്മിപ്പിക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ പ്രശ്ന പരിഹാരത്തിന് ഒരു പരിഹാരമാര്‍ഗം കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഓപ്പറേഷന്‍ തിയറ്ററില്‍ ഇനി സ്വര്‍ണം കൊണ്ടുള്ള കത്രിക ഉപയോഗിക്കണമെന്നും അത് ഒരു ഡോക്ടറും ഒരാളുടേയും വയറ്റില്‍വച്ച് മറക്കില്ലെന്നും പണ്ഡിറ്റ് നര്‍മരൂപേണ പറയുന്നു.