Untitled design - 1

സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മികച്ച പിന്തുണയും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ ഭാഗമായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് പരിഗണിച്ചു വരുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായ പ്രകാരം ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ആർ.സി.ഐ നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കോടതി നിർദ്ദേശം. സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചതാണ് സർക്കാർ സ്വീകരിച്ച പ്രധാന നടപടികളിലൊന്ന്. ദീർഘകാലമായി കരാർ/ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ യോഗ്യതയും പ്രായപരിധി ഇളവുകളും പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ആർ.സി.ഐ പ്രതിനിധി എന്നിവരടങ്ങുന്ന ഈ കമ്മിറ്റി നിയമന നടപടികൾ വേഗത്തിലാക്കും.

നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,707 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിൽ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് എലമെന്ററി തലത്തിൽ 10:1 എന്ന അനുപാതത്തിലും മിഡിൽ, സെക്കന്ററി തലങ്ങളിൽ 15:1 എന്ന അനുപാതത്തിലും അധ്യാപക സേവനം ഉറപ്പാക്കും.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടനയായ KRTA നേതൃത്വവുമായി സർക്കാർ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. സ്ഥിരനിയമനത്തിന് ആവശ്യമായ അനുകൂല സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതിലെ കാര്യങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് ചിലർ നടത്തുന്ന പ്രചരണങ്ങൾ നിർഭാഗ്യകരമാണ്. ഇത്തരം വ്യാജവാർത്തകളിൽ ആരും വഞ്ചിതരാകരുത്.

വിദ്യാലയങ്ങളെ ക്ലസ്റ്റർ സംവിധാനത്തിൽ ഉൾപ്പെടുത്തി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും അവരെ നയിക്കുന്ന അധ്യാപകരെയും സംരക്ഷിക്കുന്ന നിലപാടിൽ എൽ.ഡി.എഫ് സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി. 

ENGLISH SUMMARY:

Special educators in Kerala are set to benefit from permanent appointments as the government prioritizes quality education and support for children with special needs. This initiative, driven by a Supreme Court ruling, aims to streamline the recruitment process and ensure qualified individuals are placed in these crucial roles.