ജൂണ്‍ 26, രാജ്യാന്തര ലഹരിവിരുദ്ധ ദിനം. സമൂഹത്തിന് കടുത്ത ദോഷം ചെയ്യുന്ന ലഹരിക്കെതിരെ അണിനിരക്കാനുള്ള ദിനം. ലഹരിക്കെതിരെ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ് കേരളവും സര്‍ക്കാര്‍ സംവിധാനങ്ങളും. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന്‍, ലഹരിയുടെ കണ്ണികള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. ലഹരിമാഫിയയുടെ വേരറക്കും എന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതിനായി ഏതറ്റംവരെ പോകുമെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വി.ഡി.സതീശന്‍. ഓപ്പറേഷന്‍ തൂഫാനില്‍ എടുക്കുന്ന കേസുകളില്‍ രാഷ്‌ട്രീയക്കാര്‍ക് പങ്കുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കുന്നു. ഇതിനെല്ലാം ഇടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് പൊലീസും എക്സൈസും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍. വീര്യമൊട്ടും ചോരാതെ മുന്നോട്ടു പോവുകയാണ് ഓപ്പറേഷന്‍ തൂഫാന്‍.
വന്‍ ലഹരിവേട്ടയാണ് കോട്ടയത്ത് കഴിഞ്ഞദിവസം നടന്നത്... എം.ഡി.എം.എയും കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും അടക്കം ലക്ഷങ്ങള്‍ വിലവരുന്ന ലഹരിയാണ് വിവിധ പൊലീസ്, എക്സൈസ് സംഘങ്ങള്‍ പിടികൂടിയത്. ജില്ലയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് പൊന്‍കുന്നത്ത് കഴിഞ്ഞദിവസം നടന്നത്. ചങ്ങനാശേരിക്കാരായ രണ്ടു യുവാക്കളില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികള്‍ വന്ന വാഹനം, പൊന്‍കുന്നം ഗവ. സ്കൂളിന് സമീപത്തുവച്ച് മറ്റൊരു വണ്ടി ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്നാണ് പ്രതികളായ പെരുന്ന സ്വദേശി നിബിന്‍, തൃക്കൊടിത്താനം സ്വദേശി ഹാഷീം എന്നിവരെ പിടികൂടിയത്. കാറിലെ ഡ്രൈവര്‍ സീറ്റിന്‍റെ ഡോര്‍പാഡിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. ബെംഗളൂരുവില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി പ്രതികള്‍ കേരളത്തില്‍ എത്തിച്ചത്. പിടിയിലായ നിബിന്‍ കഞ്ചാവു കേസിലും അടിപിടിക്കേസിലും പ്രതിയാണ്.
കോട്ടയത്ത് എം.ഡി.എം.എയുമായി ദമ്പതികള്‍ അടക്കം മൂന്നുപേരാണ് പിടിയിലായത്. ചെങ്ങളം സ്വദേശി സുധി ജബാര്‍, ഭാര്യ ആല്‍ഫിയ, മൂലവട്ടം സ്വദേശി മനു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 13 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് പിടികൂടിയത്. ഒാട്ടോയില്‍ പോവുകയായിരുന്ന മനുവിനെ വാഹനപരിശോധനയുടെ ഭാഗമായാണ് പിടികൂടിയത്. മനുവിനെ ചോദ്യംചെയ്തതില്‍ നിന്നാണ് സുധി ജബാറിനെയും ഭാര്യ ആല്‍ഫിയയെയും കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് സുധിയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഏറെ സാഹസികമായാണ് പ്രതികളെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.