പാതയോരങ്ങളിലെ അനധികൃത പരസ്യ ബോർഡുകൾ ഫ്ളക്സ്, കമാനം എന്നിവ സ്ഥാപിക്കുന്നത് നിയന്ത്രിക്കാൻ ഹൈക്കോടതി ആവർത്തിച്ച് ഇടപെടുമ്പോഴും നിയന്ത്രണം ഒഴിവാക്കിയുള്ള രഹസ്യ ഉത്തരവുമായി സർക്കാർ. നിയമ തടസങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നാമമാത്രമായ ഫീസ് ഈടാക്കി അപേക്ഷകർക്ക് അനുമതി നൽകാമെന്നാണ് മുന്‍നിലപാട് അവഗണിച്ചുള്ള ഉത്തരവ്. തിരഞ്ഞെടുപ്പ് കാലത്ത് തടസമില്ലാതെ പാർട്ടികൾക്ക് പ്രചരണം നടത്താനും ഫണ്ട് ശേഖരണത്തിനും സഹായിക്കാനുള്ള രഹസ്യ നീക്കമെന്നാണ് ആക്ഷേപം. 

നീതിപീഠത്തിൻ്റെ നിയന്ത്രണത്തിനിടയിലും ഞങ്ങൾ രഹസ്യമായി ചിലത് നടപ്പാക്കുമെന്ന് ഓർമപ്പെടുത്തുകയാണ് സർക്കാർ. പരസ്യ ബോർഡ്, ഫ്ളക്സ്, കൊടിതോരണം, പോസ്റ്റർ, കമാനം ഇതെല്ലാം അനുമതിയില്ലാതെയുംതോന്നിയ മട്ടിലും സ്ഥാപിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിരന്തരം വടിയെടുത്തത്. സർക്കാരിനോട് നിലപാട് തേടി. നിയന്ത്രണത്തിന് പ്രത്യേക ഉത്തരവിറക്കാമെന്ന് സർക്കാർ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി ചേർന്ന് കർശന നിയമ നിർമാണമെന്ന് അറിയിച്ച് കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ രഹസ്യമായി നിലപാട് മാറ്റി. ചെറിയ ഫീസടച്ചാൽ മറ്റ് നിയമ തടസങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് ഫ്ളക്സും പരസ്യ ബോർഡും സ്ഥാപിക്കാൻ നേരിട്ട് അനുമതി നൽകാമെന്ന മട്ടിൽ ഉത്തരവിറക്കി. സർക്കാർ രഹസ്യമാക്കിയിരുന്ന ഉത്തരവാണ് പുറത്തായത്.

സർക്കാരിൻ്റെ നിലപാട് മാറ്റം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിമർശനം. തോന്നിയ മട്ടിൽ കൂറ്റൻ കട്ടൗട്ടും ഫ്ളക്സും ഉൾപ്പെടെ എവിടെയും ചുരുങ്ങിയ ചെലവിൽ കാര്യമായ നിയന്ത്രണമില്ലാതെ സ്ഥാപിക്കാം. വൻ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള നീക്കമെന്നും ആക്ഷേപമുണ്ട്. 

ENGLISH SUMMARY:

Illegal advertising boards, flex, and arches are being regulated despite repeated interventions from the High Court, with the government issuing a secret order to bypass these restrictions. This order allows local body secretaries to grant permission for a nominal fee without legal hurdles, a move criticized as a clandestine attempt to aid political parties in their campaigns and fundraising during election periods.