ഗുരുവായൂർ ദേവസ്വത്തിന്റെ ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും ഓഡിറ്റിൽ ഗുരുതര പോരായ്മകളെന്ന് ഹൈക്കോടതി. ഡിജിറ്റൽ പണമിടപാടുകളുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കുന്ന സംവിധാനം നിലവിലില്ലെന്ന ഓഡിറ്റ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം. ദേവസ്വത്തിന്റെ സാമ്പത്തിക- ഭരണ സംവിധാനങ്ങൾ പൂർണമായും ഡിജിറ്റലാക്കാൻ വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
ഗുരുവായൂർ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര വിവരങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഓൺലൈൻ വഴിപാടുകൾ, പി.ഒ.എസ് മെഷീനുകൾ, ക്യൂ.ആർ. കോഡ് വഴിയുള്ള ഇ-ഹുണ്ടി, കാർഡ് പേയ്മെന്റുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ദേവസ്വം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇവയിലൂടെ ലഭിക്കുന്ന തുകയുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കുന്ന സംവിധാനം നിലവിലില്ല. ഭക്തന് നൽകിയ രസീതിന്റെ റീപ്രിന്റ് സൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദീകരണം തേടിയിരുന്നു. ഇതിന് ദേവസ്വം മറുപടി നൽകിയില്ല.
2011-12 മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടിയുടെ ഓഡിറ്റ് എതിർപ്പുകളും, 107.92 കോടിയിലധികം നഷ്ടമായി കണക്കാക്കിയ തുകയും ഇതുവരെ തീർപ്പാക്കിയിട്ടില്ല. ക്ഷേത്രത്തിലെ സ്വർണം, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ല. വിലയേറിയ വഴിപാടുകളായ വെങ്കലപാത്രങ്ങൾ, കാശ്മീരി കുങ്കുമപ്പൂ തുടങ്ങിയവ പോലും കൃത്യമായി റജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്നില്ല. അതിനാൽ ലഭിക്കുന്ന എല്ലാ വഴിപാടുകളും കണക്കിൽപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാകുന്നില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി.
തുടർന്നാണ് സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് നിർദേശിച്ചത്. വരവ്, ചെലവ്, വഴിപാടുകൾ, കരാറുകൾ, സ്റ്റോക്ക്, സ്വത്തുക്കൾ എന്നിവയെല്ലാം തത്സമയം നിരീക്ഷിക്കാനാകുന്ന സമഗ്ര ഡിജിറ്റൽ സംവിധാനം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണം. നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.