kerala-health-minister-shaji

വണ്ടാനം മെഡിക്കൽ കോളജിലെ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പിഴവില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആരോ​ഗ്യകേരളം നമ്പർ വണ്ണാണെന്നും, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറന്നുവെച്ച രണ്ട് കത്രികൾ രണ്ടാം പിണറായി സർക്കാർ കണ്ടെടുത്തുമെന്നും ഷാജി പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

 ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പിഴവില്‍ നടപടിയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇതൊരു വേദനാജനകമായ സംഭവമാണെന്നും, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണെന്നും മന്ത്രി പ്രതികരിച്ചു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ഈ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിദഗ്ദ്ധാന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പോലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. 

വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക രംഗത്തെത്തി. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അങ്ങനെയൊരു രോഗിയെ തനിക്ക് അറിയില്ലെന്നും അവര്‍ മനോരമന്യൂസിനോട് പ്രതികരിച്ചു. അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊവിഡ് സമയത്ത് മനുഷ്യന്‍റെ നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു. ഫ്ലോര്‍ നഴ്സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല. സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെയൊരു തസ്തിക ഉള്ളത് തനിക്ക് അറിയില്ലെന്നും സിസ്റ്റര്‍മാര്‍ പറയുന്നത് വിശ്വസിച്ച് ശസ്ത്രക്കിയയ്ക്കൊടുവില്‍ കൂട്ടിത്തുന്നുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Kerala health minister Veena George's response to a surgical error at Vandanam Medical College is being mocked by Muslim League leader KM Shaji. The incident involves scissors being left inside a patient during surgery, a situation the minister described as regrettable and promised thorough investigation.