കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ബിയോണ്ട് ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന, വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ശ്രീജ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈ സിനിമയ്ക്കെതിരെ മതേതര കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും ശ്രീജ പറയുന്നു.
‘വെൽഫെയർ പാർട്ടിയിൽ ചേരുന്നതിനും എത്രയോ മുൻപ് ഇവറ്റകൾ ഭീകരവൽക്കരിക്കുന്ന മലപ്പുറം എന്ന ജില്ലയെ എനിക്കറിയാം. എന്റെ ഏകതാ പരിഷത്ത് കാലത്ത് മലപ്പുറം ജില്ലയുടെ മുക്കിലും മൂലയിലും വാഹന പ്രചാരണ യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. അക്കാലത്ത് കിടന്നുറങ്ങിയിട്ടുള്ള എത്രയെത്ര മുസ്ലീം വീടുകൾ. എന്നെ പിടിച്ച് ആരും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല, ഐഎസിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ല, ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിച്ചിട്ടില്ല, ഒരു മുസ്ലീമും ചതിയുടെ വിഷം പുരട്ടി പിന്നാലെ വന്നിട്ടില്ല. ആദ്യമായി ഞാൻ ബീഫ് കഴിക്കുന്നത് ബീഫ് കൈവശം വച്ചതിന്റെ പേരിൽ അഹ്ലാക്കിനെ കൊന്ന് തള്ളിയ സംഘ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടായിരുന്നു. അതുവരെ ഞാൻ ബീഫ് കഴിച്ചിട്ടില്ല.
അതിന് മുൻപ് മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽ കഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെ നിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച് എന്നെ ബീഫ് കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്‌ടമുള്ളത് എന്താണോ അത് ചോദിച്ച് സ്നേഹത്തോടെ ഉണ്ടാക്കി തരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രം ചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല. ഒരു സംഘ് പരിവാർ നുണകൾക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പം ഐക്യപ്പെടാനുമാണെന്നും ഇവർ വ്യക്തമാക്കി.