വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ തുടർച്ചയായി എത്തുന്ന ‘ദി കേരള സ്റ്റോറി 2’ വിന്റെ ട്രെയിലറിലും ആദ്യചിത്രത്തിലേതുപോലെ വിദ്വേഷമാണ് നിഴലിക്കുന്നതെന്നാണ് വിമര്‍ശനം. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഇതിനോടകം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെ നടൻ സന്തോഷ് പണ്ഡിറ്റ് സിനിമയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എമ്പുരാനുളള ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്കും ഇല്ലേ എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. ചിത്രത്തില്‍ ബീഫ് തിന്നുന്നതായി കാണിക്കുന്നത് മലയാളി പെണ്‍കുട്ടിയെ അല്ലെന്നും കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നാൽ കേരള സ്റ്റോറി കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അർഥമെന്നും ബീഫ് തീറ്റിച്ച കഥ കേരളത്തിൽ നടന്നു എന്നല്ല, മധ്യപ്രാദേശിൽ നടന്ന ഒറിജിനൽ സംഭവമാണെന്നും സന്തോഷ് പറയുന്നു.

അതേ സമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2' നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ ചിത്രത്തെ സമൂഹം ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

 

ENGLISH SUMMARY:

The Kerala Story 2 trailer faces criticism for promoting hatred, mirroring the first film's controversy. Chief Minister Pinarayi Vijayan condemned the movie, calling it an attempt to spread hatred and insult Kerala's secular heritage.