കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ ഓർമ ദിവസം മഹിള കോൺഗ്രസ് നേതാവ് നിഷ സോമന്‍ തെറ്റയില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അച്ഛന്‍ വി.പിആന്‍റണിക്ക് നേരെ നടന്ന വധശ്രമം വിവരിച്ചാണ് നിഷയുടെ കുറിപ്പ്. കെഎസ്ഇബി ജീവനക്കാരനായ അച്ഛന്‍ സിഐടിയു ആഹ്വാനം ചെയ് സമരത്തില്‍ പങ്കെടുക്കാത്തതിനാലാണ് ആക്രമണത്തിന് ഇരയാവേണ്ടിവന്നതെന്ന് നിഷ പറയുന്നു. ചോരയൊലിക്കുന്ന തലയുമായി ഉടുതുണിയും കൈയിൽ പിടിച്ച് വാച്ചാല് ചാടി കടന്ന് പ്രാണരക്ഷാർത്ഥം ഓടി വരുന്ന അച്ഛനെ ഒരു മിന്നായം പോലെ മാത്രമെ തനിക്ക് ഓർമ്മയുള്ളു എന്നും നിഷ കുറിച്ചു.
അല്ലെങ്കിലും അത് അങ്ങനെയാണ്. ഒരിക്കലെങ്കിലും കൊലപാതക രാഷ്ട്രീയത്തിന് ഇരയാകേണ്ടി വന്നിട്ടുള്ള ഒരു കുടുംബത്തിനും ഒന്നും മറക്കാൻ കഴിയില്ല, ആ നീറ്റൽ അവസാനിക്കുകയുമില്ല, പ്രിയപ്പെട്ടവർക്കു നേരെ വടിവാൾ വീശുന്ന ആ പ്രസ്ഥാനത്തോട് സന്ധി ചെയ്യാൻ അവർക്ക് ഒരിക്കലും കഴിയുകയുമില്ല. എനിക്കും ഇന്നുവരെ അതിനു കഴിഞ്ഞിട്ടില്ല, നിഷ പറയുന്നു.
ഒരിക്കൽ എൻറെ അപ്പനെ മാവലാക്കൽ പാടവരമ്പത്തിട്ട് കൊല്ലാൻ ശ്രമിച്ച ആ വടിവാൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പല രാത്രികളിലും എൻറെ സ്വപ്നങ്ങളിൽ വന്ന് അതെന്നെ പേടിപ്പിച്ചിട്ടുണ്ട്. ഭയന്ന് ജീവിച്ച ഒരു ബാല്യം ഉണ്ട് എനിക്ക്. ആരും കേൾക്കുന്നില്ലെങ്കിലും വീടിനകത്തു പോലും രാഷ്ട്രീയം പറയാൻ ഭയന്നിരുന്ന ഒരു യൗവനകാലമുണ്ട് എനിക്ക്. എന്തിനായിരുന്നു ആ പാവം മനുഷ്യനെ പാടത്തിന്റെ നടുക്ക് വടിവാൾ വീശി കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് ഒരുപാട് വട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. എൻറെ അപ്പൻ ഒരു പാവമായിരുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തിന്റെയും അണിയുമായിരുന്നില്ല. എന്നിട്ടും എന്തിനായിരുന്നു സിപിഎം പാർട്ടി ആ വടിവാൾ അപ്പൻ്റെ തലയ്ക്ക് നേരെ വീശിയത് ?
ആ വർഷം പോലും എനിക്ക് കൃത്യമായി ഓർമ്മയില്ല. ചോദിച്ചാൽ ആരും ഒന്നും പറഞ്ഞുതരികയുമില്ല. വർഷം ശരിയാണെങ്കിൽ 1983 ലെ സിപിഎമ്മിന്‍റെ ആ സമരകാലത്ത് അവർക്കൊരു ഇര വേണമായിരുന്നു. മാംസ ദാഹികളായ സിപിഎം നേതാക്കൻമാർക്ക് കൊത്തിപ്പറിച്ചു തിന്നാൻ, 10 ദിവസത്തെ സിഐടിയുവിന്‍റെ സമരത്തിന്റെ മറവിൽ ഒരു പാവം പിടിച്ച മനുഷ്യനെ കൊന്ന് തള്ളി കേരളത്തിലെ സാധാരണക്കാരായ മനുഷ്യരിൽ ഭയം ജനിപ്പിക്കണം. അങ്ങനെ അധികാരം ഉറപ്പിക്കണം. ആ ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിലിരുന്ന ചോരയുടെ ഉളുമ്പ് മണമടിച്ച് ആത്മ രതി അടയണം.
ചോരയൊലിക്കുന്ന തലയുമായി ഉടുതുണിയും കൈയിൽ പിടിച്ച് വാച്ചാല് ചാടി കടന്ന് പ്രാണരക്ഷാർത്ഥം ഓടി വരുന്ന അപ്പനെ ഒരു മിന്നായം പോലെ മാത്രമെ എനിക്ക് ഓർമ്മയുള്ളു. ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നു എന്ന് മാത്രമറിയാം. മുറ്റത്ത് നിറയെ പൊലീസുകാർ. എല്ലാം ഓർമ്മയുണ്ട്. കുട്ടനാട്ടിലെ സിപിഎം നേതാക്കൻമാരെ വിളറി പിടിപ്പിക്കാൻ മാത്രം എന്തായിരുന്നു അപ്പൻ ചെയ്ത തെറ്റ് ? കെഎസ്ഇബി ജീവനക്കാരനായ അപ്പൻ സിപിഎം ആഹ്വാനം ചെയ്ത 10 ദിവസത്തെ സമരത്തിൽ പങ്കെടുത്തില്ല.
അത് അവരെ ചൊടിപ്പിച്ചു. മുകളിലിരിക്കുന്ന നേതാക്കന്മാരുടെ പ്ലാൻ താഴത്തെ സഖാവ് വരെ അനുസരിച്ചു ..കൊല ചെയ്യാൻ ആളെ വരുത്തി. പ്രാദേശിക നേതൃത്വം കണ്ണടച്ചു. അന്വേഷണം എങ്ങും എത്തിയില്ല. ഒരിക്കൽ പോലും ഈ സംഭവങ്ങളെക്കുറിച്ച് നേരിയ ഒരു പരാമർശം പോലും നടത്താൻ ഭയപ്പെട്ട എന്‍റെ കുടുംബത്തെ എനിക്കറിയാം. തമാശക്ക് പോലും വീട്ടിൽരാഷ്ട്രീയം സംസാരിക്കാൻ കഴിയാത്ത എന്‍റെ യൗവന കാലത്തെ കുറിച്ച് എനിക്കറിയാം. കൊലപാതക രാഷ്ട്രീയത്തിലൂടെ സിപിഎം വിതയ്ക്കുന്ന ഒരു ഭയമുണ്ട്. ആ ഭയത്തിന്മേൽ അധികാരമുറപ്പിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് സിപിഎം
കൃപേഷിനെയും ശരത് ലാലിനെയും പോലെ ഒരുപാട് പേരെ അവർ കൊന്നു തിന്നു. ചങ്ക് പറിച്ചു തന്ന് കൂടെ നിന്നവരെ കൊന്നുകളഞ്ഞിട്ട് രക്തസാക്ഷിത്വം ആഘോഷിച്ചും അവർ കളം കൊഴുപ്പിച്ചു. എങ്ങനെയായാലും നഷ്ടം അത് അനുഭവിക്കുന്നവർക്ക് മാത്രമാണ്. എൻറെ അപ്പനെ കൊന്നു തിന്നാൻ ശ്രമിച്ചവരോട് ഒരിക്കൽ എനിക്ക് ഭയമുണ്ടായിരുന്നു. ഇന്നെനിക്കാ ആ ഭയമില്ല. എന്‍റെ പ്രിയപ്പെട്ടവരെ പോലെ ഞാനും അത് ക്ഷമിച്ചതാണ്. എന്നാലും അത് ഒരു നെരിപ്പോടാണ്. ഭയത്തിൽ നിന്നുണ്ടായ ഒരു കനൽ. ഇന്നത്തെ ദിവസം ഹൃദയമുള്ള മലയാളികൾ മറക്കില്ല. കൃപേഷ്, ശരത് ലാൽ മനോഹരമായ രണ്ട് ജീവിതങ്ങൾ സിപിഎം രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞുവീണ ദിവസമല്ലേ... ഇന്ന് ? ഇനി നമ്മൾ മറന്നാലും ഇവരുടെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും അവരോട് ചേർന്ന് നിൽക്കുന്നവർക്കും ഈ ദിവസം മറക്കാൻ കഴിയുമോ?, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ നിഷ ചോദിക്കുന്നു.