അവയവദാനത്തിന്‍റെ മഹത്വം ദിവസവും നമ്മളെ ഓർമിപ്പിച്ചാണ് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്ന് ഈ ലോകം വിട്ടുപോയത്. സ്വന്തം ജീവൻ നഷ്ടമായെങ്കിലും നാലുപേർക്ക് പുതുജീവിതത്തിന്‍റെ പ്രകാശം പകർന്നുകൊണ്ട് സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ചരിത്രത്തിൽ ഇടം നേടിയത്.
ഒട്ടനവധിയാളുകൾ ആലിനെ അവസാനമായി കാണാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ആലിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയായിരുന്നു. കുഞ്ഞ് ആലിന് അരികിൽ വിങ്ങുന്ന ഹൃദയത്തോടെ നിൽക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെ വിമർശന കമന്‍റുകളും ഉയർന്നിരുന്നു. വോട്ടിനും ജനപ്രീതിക്കും വേണ്ടിയുള്ള അഭിനയമാണ് നാടകമാണ് എന്ന തരത്തിലായിരുന്നു ഏറെയും കമന്‍റുകൾ. ഇപ്പോഴിതാ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
സുരേഷ്‌ഗോപി എന്ന മനുഷ്യൻ, ആക്സിഡന്റിൽ മരണപ്പെട്ട അദ്ദേഹത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞുമകളെയോർത്ത് ഇന്നും വേദനിക്കുന്ന ഒരു അച്ഛൻ കൂടിയാണെന്നും സുരേഷ്‌ഗോപിക്ക് ആലിന്റെ അച്ഛനെ മനസ്സിലാകും, ആ വിങ്ങൽ തൊട്ടെടുക്കാൻ കഴിയും മറ്റാരേക്കാളും, അതുകൊണ്ട് അദ്ദേഹത്തെ ഇക്കാര്യത്തിൽ ട്രോളുന്ന മനുഷ്യരോട് പരമ പുച്ഛം തോന്നുന്നുവെന്നും സഫി അലി താഹ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പ്
‘ഒരിക്കൽ അരുണിന്റെയും ഷെറിന്റെയും സ്ഥാനത്ത് അതേ വേദനയിൽ സുരേഷ്‌ഗോപിയും ഭാര്യ രാധികയും നിന്നിട്ടുണ്ട്... ആലിൻ എന്ന പൊന്നുമോളുടെ സ്ഥാനത്ത് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിയായിരുന്നു. സുരേഷ്‌ഗോപി എന്ന മനുഷ്യൻ, ആക്സിഡന്റിൽ മരണപ്പെട്ട അദ്ദേഹത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞുമകളെയോർത്ത് ഇന്നും വേദനിക്കുന്ന ഒരു അച്ഛൻ കൂടിയാണ്. അന്ന് വിങ്ങിപൊട്ടിയ മനുഷ്യനാണയാൾ. പിന്നെയും ആ ഓർമ്മകളിൽ പല വേദികളിലും കണ്ണുനിറഞ്ഞു സംസാരിക്കുന്ന ഒരു അച്ഛൻ തീരാനോവായി. അങ്ങനെയാണ് ഞാനൊരിക്കൽ പഴയ പത്രങ്ങൾ ബുദ്ധിമുട്ടി തപ്പിയെടുത്ത് ആ വാർത്തകൾ വായിച്ചത്. കണ്ണുകൾ നിറഞ്ഞിട്ട് ബാക്കി വായിക്കാൻ വയ്യായിരുന്നു, ലൈബ്രറിയിൽനിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും ആ വാർത്തകളും ഫോട്ടോകളും എന്നെ വേദനിപ്പിച്ചിരുന്നു, ഇന്നും. ഇന്നലെ കേരളത്തെ സങ്കടത്തിന്റെയും ചിന്തകളുടെയും കൊടുമുടിയിൽ എത്തിച്ച ആലിൻ എന്ന പൊന്നുമോൾക്ക് മുന്നിൽ നിൽക്കുമ്പോൾ സുരേഷ്‌ഗോപി എന്ന അച്ഛന് മുന്നിൽ പച്ചപ്പട്ട് പാവാടയും പാലയ്ക്ക മാലയും അണിഞ്ഞ തന്റെ കുഞ്ഞുമകൾ ചിരിക്കുന്നുണ്ടാകും എന്നുറപ്പാണ്, ആ ഹൃദയം വിങ്ങി പൊട്ടുമെന്നുറപ്പാണ്, ചിന്തകളിൽ ആ പൊന്നുമോളുടെ ഓർമ്മകളും കൊഞ്ചലും മരണവും ആക്സിഡന്റും എത്തുമെന്നുറപ്പാണ്..... സുരേഷ്‌ഗോപി എന്ന രാഷ്ട്രീയക്കാരനോട് എനിക്ക് ആശയപരമായി ആദർശപരമായി പല കാര്യങ്ങളിലും വിയോജിപ്പാണ്. എന്നാൽ കുടുംബത്തോട് അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥമായ സ്നേഹവും മക്കൾക്കും ഭാര്യക്കും നൽകുന്ന സ്നേഹവും കരുതലും അനുകരിക്കാവുന്ന ഒന്നാണ്..... മകളുടെ വേർപാടിന്റെ ഓർമ്മകൾ അതുപോലുള്ള അവസരങ്ങളിൽ അദ്ദേഹത്തെ കൂടുതൽ ട്രിഗ്ഗർ ചെയ്യും. ആ ട്രോമകളിൽനിന്നും ഒരിക്കലും ആ കുടുംബത്തിന് മോചനമില്ല. ഇന്നും ആ മകൾക്ക് ഒരു space ബാക്കിയാക്കാതെ സുരേഷ്‌ഗോപിയും കുടുംബവും ഒന്നും ചെയ്യാറില്ല. കോടീശ്വരൻ വേദിയിൽ സുരേഷ്‌ഗോപി എന്ന മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്, മത്സരത്തിനെത്തിയ അർഹതപ്പെട്ട പലർക്കും സഹായം എത്തിച്ചിട്ടുണ്ട് അന്ന്, അപ്പോഴും ആ മക്കളെ സഹായിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ലക്ഷ്മി എന്ന കുഞ്ഞുമകളാണ്... ഒരാളുടെയും വേദനയുടെ ആഴം അളക്കാനുള്ള താപിനികൾ കണ്ടെത്തിയിട്ടില്ല. സുരേഷ്‌ഗോപിക്ക് ആലിന്റെ അച്ഛനെ മനസ്സിലാകും, ആ വിങ്ങൽ തൊട്ടെടുക്കാൻ കഴിയും മറ്റാരേക്കാളും, അതുകൊണ്ട് അദ്ദേഹത്തെ ഇക്കാര്യത്തിൽ ട്രോളുന്ന മനുഷ്യരോട് പരമ പുച്ഛം തോന്നുന്നു... ഒരു കുഞ്ഞിന്റെ മരണത്തിൽ പോലും ഇത്രയും പകയും വിദ്വേഷവും അപരനോടുള്ള വെറുപ്പും കാണിക്കുന്ന, സംസാരിക്കുന്ന മനുഷ്യരേ, മനുഷ്യത്വം എന്നതൂടെ ഉൾപ്പെട്ടാൽ മാത്രമേ മനുഷ്യനാകൂ എന്നതോർക്കണേ. ലക്ഷ്മിയുടെ ഒന്നര വയസ്സിലുള്ള ഫോട്ടോ ഉപയോഗിച്ച് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം ഡിജിറ്റൽ ആർട്ടിലൂടെ വരച്ചിരിക്കുന്നത് ഈ അടുത്ത് ഞാൻ കണ്ടിരുന്നു. ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആ ചിത്രം പുറത്തു വന്നത്.