alosius-savior-joy-mathew

കെഎസ്​യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ പ്രശംസിച്ച് നടന്‍ ജോയി മാത്യു. കഴി​ഞ്ഞ ദിവസമാണ് നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. അലോഷ്യസ് സേവ്യര്‍ കൂടി നൽകിയ ഹർജിയെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിയ ഹൈക്കോടതി നടപടി. 

സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സർവേ നടത്തുന്നതു നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചാണ് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും അലോഷ്യസ് സേവ്യറും ഹർജികൾ നല്‍കിയത്. ഇത് അനുവദിച്ചാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നാലെയാണ് ജോയി മാത്യുവിന്‍റെ പ്രശംസ. ചില മനുഷ്യരെ അഭിനന്ദിക്കാതിരിക്കാൻ വയ്യെന്ന് ജോയി മാത്യു കുറിച്ചു. നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും വോട്ടർമാരെ ചാക്കിലാക്കാനുമായി ഇരുപത് കോടി ധൂർത്തടിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കി ഹൈക്കോടതിയുടെ വക ചുറ്റികയടി. ചുറ്റിക കണ്ടെത്തിക്കൊടുത്ത അലോഷ്യസ് സേവ്യർ എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ്. അലോഷ്യസ് ചുറ്റിക കണ്ടെത്തിയത് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ് കൊണ്ടുകൂടിയാണ്. പി എച് ഡി അലങ്കാരമായി കൊണ്ടുനടക്കുവാനുള്ളതല്ല എന്ന് അലോഷി തെളിയിച്ചിരിക്കുന്നു. എജ്ജാതി ചുറ്റിക !, ജോയി മാത്യുവിന്‍റെ കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Malayalam news highlights actor Joy Mathew's praise for KSU state president Alosius Savior .Alosius Savior filed a petition that led the High Court to cancel the government's Navakerala Survey order.