ഇതെന്താ ട്രോള്‍ ജാഥയോ? സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍റെ തിരഞ്ഞെടുപ്പ് ജാഥ പോകുന്നിടത്തെല്ലാം ട്രോളിനുള്ള സ്കോപ്പുണ്ട്. അതില്‍ ലേറ്റസ്റ്റ് ഇനമാണ് ബാലുശേരിയിലെ പെന്‍ഷന്‍ കൈമാറല്‍. പണം കൊടുക്കാന്‍ ഏര്‍പ്പെടുത്തിയത് നിഷ്കളങ്കനായ ഒരു മനുഷ്യനെ ആയതുകൊണ്ട് സംഗതി നാടറിഞ്ഞു. ജാഥക്യാപ്റ്റന് വീണ്ടും വിശദീകരിക്കാനുള്ള അവസരവും കിട്ടി.

കഴിഞ്ഞ തിങ്കളാഴ്ചത്തെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ കൊടുങ്കാറ്റ് തീര്‍ക്കുന്നത്. സി.പി.എം. സംസ്ഥാനസെക്രട്ടറി നയിക്കുന്ന ജാഥ കോഴിക്കോട് ബാലുശേരി മണ്ഡലത്തില്‍. സ്വീകരണം കഴിഞ്ഞ് സ്റ്റേജിലേക്ക് ഒരു മനുഷ്യന്‍ കയറിവന്നു. മൊയ്തീന്‍ എന്നാണ് പേര്. പോക്കറ്റില്‍ നിന്ന് രണ്ടായിരം രൂപയെടുത്ത് എം.വി.ഗോവിന്ദന്‍റെ കയ്യില്‍ വച്ചു. സര്‍ക്കാരില്‍ നിന്ന് കിട്ടിയ പെന്‍ഷനായിരുന്നു ആ പണം. തുടര്‍ന്ന് മൊയ്തീന്‍ക്ക സര്‍ക്കാരിനെ പുകഴ്ത്തുകയാണ്. നിങ്ങള്‍ ഇനിയും വന്നാലേ ഞങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടൂ എന്നും പറയുന്നുണ്ട് മൊയ്തീന്‍ക്ക.

പാര്‍ട്ടി സെക്രട്ടറി മൊയ്തീന്‍ കൊടുത്ത പണം വാങ്ങി ഒന്നെണ്ണി നോക്കിയ ശേഷം ‘നിങ്ങള്‍ തന്നെ വച്ചോളൂ’ എന്നുപറഞ്ഞ് മൊയ്തീന് തിരികെ നല്‍കുന്നു. സംഭാവന സ്വീകരിച്ചതായി കരുതാമെന്നും പാര്‍ട്ടി സെക്രട്ടറി. വളരെ മനോഹരമായ ദൃശ്യം. പക്ഷേ അതിലും മനോഹരമായത് സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്‍ക്കയുടെ നിഷ്ക്കളങ്കമായ പ്രതികരണമായിരുന്നു.

‘ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു’– സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ക്ക അങ്ങ് തുറന്നുപറഞ്ഞു, ഇതെല്ലാം കേട്ടുനില്‍ക്കുന്നവര്‍ അടുത്ത പണിക്കുള്ള വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് പാവമറിഞ്ഞതുമില്ല. പോരേ പൂരം, പാര്‍ട്ടിയുടെ പിആര്‍ ഇത്രേം ശുദ്ധ ഗതിക്കാരനായ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്.

മൊയ്തീന്‍ക്കാടെ ശുദ്ധമനസങ്ങ് കോണ്‍ഗ്രസ് സൈബര്‍ ആര്‍മി ഏറ്റെടുത്തു. സോഷ്യല്‍മീഡിയ നിറയെ മൊയ്തിന്‍ക്കായുടെ സത്യസന്ധതയും സിപിഎമ്മിന്‍റെ പാളിയ പിആര്‍ വര്‍ക്കും മാത്രം. ഈ ക്ഷീണം തീര്‍ക്കാന്‍ അടുത്തൊരു വിഷയം കണ്ടുപിടിച്ചേ മതിയാകൂവെന്നാണ് പാര്‍ട്ടി ഹാന്‍ഡിലുകളുടെ ആവശ്യം.

Embarrassing incident involving cpm, PR work goes viral :

Manoramanews reports on an embarrassing incident involving CPM state secretary MV Govindan, where a man offered a pension donation that was returned. This event has gone viral on social media, sparking criticism of the party's public relations.