കൊച്ചി നിയമസഭാ സീറ്റില്‍ സഭയുടെ താല്‍പര്യം പരിഗണിച്ചുള്ള സ്ഥാനാര്‍ഥി വേണമെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് ലത്തീന്‍സഭ. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നുമാണ് നിലപാട്. ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ പേരിലുള്ള ആശയക്കുഴപ്പങ്ങള്‍ ജനവിധിയെ സ്വാധീനിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന് സഭ മുന്നറിയിപ്പ് നല്‍കുന്നു.
ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് കൊച്ചിയില്‍ മല്‍സരിക്കേണ്ടിവന്നാല്‍ മാര്‍ഗതടസം നീക്കാന്‍ സഭാ നേതൃത്വവുമായി കോണ്‍ഗ്രസ് സംസാരിക്കും. കൊച്ചി പിടിക്കാന്‍ ലത്തീന്‍ സഭയുടെ പിന്തുണകൂടിയേത്തീരൂ എന്നതാണ് മണ്ഡലത്തിന്‍റെ സാമുദായിക ചിത്രം.
പദവികള്‍ തീരുമാനിക്കുന്നതില്‍ സാമുദായിക സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആണയിടുമ്പോഴും, തന്നെ മേയര്‍ ആക്കിയതില്‍ സഭ വഹിച്ച പങ്ക് വി.കെ മിനിമോള്‍ തുറന്നു പറഞ്ഞതാണ്.
എല്‍ഡിഎഫ് സര്‍ക്കാരിനും സഭയ്ക്കും ഇടയിലെ മഞ്ഞുരുക്കാന്‍കൂടി ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കഴിഞ്ഞ മാസം കൊച്ചി രൂപത ആസ്ഥാനത്തെത്തി. ബിഷപ് ഡോക്ടര്‍ ആന്‍റണി കാട്ടിപ്പറമ്പിലിനെ കണ്ടു.
കൊച്ചി മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയുടെ താല്‍പര്യം സംരക്ഷിക്കണമെന്നാണ് മുന്നണികളോട് സഭാ നേതൃത്വത്തിന് പറയാനുള്ളത്. സ്ഥാനാര്‍ഥി പശ്ചിമകൊച്ചി, പള്ളുരുത്തി, ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നാകണമെന്നാണ് താല്‍പര്യം.
ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍റെ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നത് അടക്കം സഭയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന പരാതിയുണ്ട്. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
കളമശ്ശേരി സീറ്റ് ഏറ്റെടുത്ത് കൊച്ചി സീറ്റ് ലീഗിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. കൊച്ചിയില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കേണ്ടിവന്നാല്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പേരും ചര്‍ച്ചയിലുണ്ട്. ഇക്കാര്യത്തില്‍ സഭയ്ക്ക് നീരസമുണ്ടാക്കാതെയാകും കോണ്‍ഗ്രസ് തീരുമാനത്തിലേയ്ക്ക് എത്തുക.