ലോകം ശരിക്കൊന്നുകാണും മുന്‍പേ   നാലുപേര്‍ക്ക് പുതുജീവന്‍പകര്‍ന്ന്  യാത്രയായ  ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുഞ്ഞുമാലാഖയെയും, ആ നഷ്ടം കടിച്ചമര്‍ത്തി മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകകളായ അവളുടെ മാതാപിതാക്കളെയും ചേര്‍ത്തു നിര്‍ത്തി നടന്‍ മോഹന്‍ലാല്‍. ലോകം ഇത്ര മനോഹരമായി നിലനില്‍ക്കുന്നത് തന്നെ ഇങ്ങനെയുള്ള നിസ്വാര്‍ഥ സ്നേഹങ്ങളുടെ വെളിച്ചം കൊണ്ടാണ് എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍. 

‘തന്‍റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്‍റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ’ –  എന്നായിരുന്നു മോഹന്‍ലാലിന്‍റെ കുറിപ്പ്. ആലിൻ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും ഇനിയും ജീവിക്കും എന്നും മോഹന്‍ലാല്‍ കുറിച്ചു. 

ഇന്നലെ രാത്രിയാണ് നാടാകെ വഴിയൊരുക്കി ആലിന്‍റെ കരളും വൃക്കകളുമായുള്ള ആംബുലന്‍സ് കൊച്ചിയില്‍ നിന്നും തിരുവന്തപുരത്തേക്ക് എത്തിയത്. ആലിന്‍റെ വേര്‍പാടിന്‍റെ വേദനയിലും മറ്റു കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകാനുള്ള ശസ്ത്രക്രിയ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ധ്രിയക്ക് വൃക്കകള്‍ മാറ്റിവെച്ച ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം  മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവെച്ച ശസ്ത്രക്രിയ രാവിലെ പത്തുമണിയോടെ കിംസ് ആശുപത്രിയിലും പൂര്‍ത്തിയായി. ആലിന്‍റെ ജീവനെടുത്ത കാറപകടത്തില്‍ അമ്മ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജന്‍ ജോണിനും പരുക്കേറ്റിരുന്നു. കുഞ്ഞിന്‍റെ മസ്തിഷ്കമരണം സംഭവിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിനുളേള സന്നദ്ധത അറിയിക്കുകയായിരുന്നു. അരുണ്‍ എബ്രഹാമിന്‍റെയും ഷെറിന്‍ ആന്‍ ജോണിന്‍റെയും ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം.

ENGLISH SUMMARY:

Actor Mohanlal embraced Alin Sherin Abraham, the little angel who gave new life to four people before truly seeing the world, and her parents, who, despite their profound loss, stood as exemplary models of human compassion. Mohanlal's words reflected that the world remains beautiful precisely because of the light of such selfless love