Image Credit:facebook
അവയവദാനത്തില്‍ പുതുചരിത്രംകുറിച്ച് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം നാലുപേര്‍ക്ക് ജീവനേകിയാണ് കടന്നുപോകുന്നത്. മൂന്നേകാല്‍ മണിക്കൂറുകൊണ്ടാണ് അവയവങ്ങള്‍ റോഡുമാര്‍ഗം കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
ഹൃദയം നുറുങ്ങുന്ന വേദനയിലും കുടുംബം അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു. മല്ലപ്പളളി വാലുമണ്ണില്‍ അരുണിന്‍റെയും ഷെറിന്‍റെയും ഏകമകളാണ് ആലിന്‍ ഷെറിന്‍ എബ്രഹാം. നെയ്യാറ്റിന്‍കരയിലെ പത്തുവയസുകാരി ശ്രേയയ്ക്കാണ് വൃക്കകള്‍ മാറ്റിവയ്ക്കുന്നത്. ഒരുവര്‍ഷമായി ഡയാലിസിസ് നടത്തിവരികയായിരുന്നു ശ്രേയ.നെയ്യാറ്റിന്‍കര സ്വദേശികളായ ഷാജി–ഹരിത ദമ്പതികളുടെ മകളാണ് ശ്രേയ. ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഷാജിയും ഹരിതയും മനോരമ ന്യൂസിനോട് പറഞ്ഞു.
ആലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കൊച്ചിയിൽ നിന്ന് രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഫോറൻസിക് വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോക്ടർ കെ.രോഹിത്തിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാത്രി പന്ത്രണ്ടരയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആലിന്റെ സംസ്കാരം നാളെ വൈകിട്ട് 3.30 ന് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും. മൃതദേഹം മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രാത്രി 7.12ന് ആണ് കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇടപ്പള്ളി–വൈറ്റില–തൃപ്പൂണിത്തുറ–തലയോലപ്പറമ്പ്–ചെങ്ങന്നൂര്‍–കഴക്കൂട്ടം വഴിയായിരുന്നു യാത്ര. ആംബുലന്‍സ് കടന്നുപോകുന്ന വഴിയിലെല്ലാം പൊലീസ് വഴിയൊരുക്കി. അവയവദാനത്തിലെ പുതുചരിത്രത്തില്‍ നാടും ഒപ്പം നിന്നു.
10.27ന് ആംബുലന്‍സ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. കരള്‍ കിംസ് ആശുപത്രിയില്‍ കൈമാറി. ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് കുതിച്ചു. വൈകാതെ വൃക്കകള്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. മെഡിക്കല്‍ കോളജില്‍നിന്ന് ആംബുലന്‍സ് നേരെ ശ്രീചിത്രയിലേക്ക്. ഹൃദയവാല്‍വ് ശ്രീചിത്രയില്‍ കൈമാറി. വഴിനീളെ നാട്ടുകാരുടെ സഹകരണം ദൗത്യം എളുപ്പമാക്കി.