മലയാളം ഒഴുക്കോടെ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയണം, എന്നാലേ മലയാളി ആകൂ എന്നാണ് വയ്പ്പ്. എന്നാല്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സക്കറിയയ്ക്ക് അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ല. അതിന് രസകരമായ ഒരു കാരണവും അദ്ദേഹം പറയുന്നുണ്ട്. ഒരുപക്ഷേ സക്കറിയയുടെ എക്സ്ക്ലൂസിവ് വായനക്കാര്‍ക്കുപോലും അറിയാത്ത ചില കുടുംബ കാര്യങ്ങള്‍! കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഈ തുറന്നുപറച്ചില്‍.

‘എന്‍റെ വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു മലയാളി. ‘മലയാളിയുടെ ഭാവി’ എന്ന വിഷയത്തെപ്പറ്റി പ്രസംഗിക്കാന്‍ തയാറെടുത്തപ്പോഴാണ് രസകരമായ ഈ തിരിച്ചറിവ് എനിക്കുണ്ടായത്. എന്‍റെ ഭാര്യ ബാംഗ്ലൂരിൽ ജനിച്ചു വളർന്ന തമിഴ് വനിത ആണ്. തമിഴ്, ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളും അത്യാവശ്യം മലയാളവും കന്നഡയും പറയും. ഡൽഹിയിൽ ജനിച്ചു വളർന്ന മക്കളുടെ ഒന്നാം വ്യവഹാര ഭാഷ ഹിന്ദിയും പിന്നെ ഇംഗ്ലീഷും ആണ്. മകൾ വിവാഹം കഴിച്ചത് ബംഗാളിയെ ആണ്. അവൾ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി എന്നിവയും അത്യാവശ്യം മലയാളവും പറയും. 

മകന്‍റെ ഭാര്യയുടെ അച്ഛൻ ഒഡിഷക്കാരനും അമ്മ ഗുജറാത്തിയും ആണ്. അവൾ ഒഡിഷയും ഗുജറാത്തിയും ഹിന്ദിയും ഇംഗ്ലീഷും പറയും. അവരുടെ മകൻ ഹിന്ദിയും ഇംഗ്ലീഷും അത്യാവശ്യം കന്നഡയും പറയും. മകളുടെ മക്കൾ ഡൽഹിയിലെ ശുദ്ധ നാടൻ ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും പറയും. അവർ രണ്ടു പേരുടെയും പെൺസുഹൃത്തുക്കൾ ഹരിയാൻവിയും ഹിന്ദിയും ഇംഗ്ലീഷും പറയുന്ന ഹരിയാനക്കാരാണ്. മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഒറ്റ കുഞ്ഞില്ല ഈ കൂട്ടത്തിൽ!’ – സക്കറിയ കുറിച്ചു.

കുടുംബാംഗങ്ങളില്‍ ആരും തന്‍റെ അറിവിൽ ഒരു മതവും കൊണ്ടുനടക്കുന്നവര്‍ അല്ലെന്ന് എഴുത്തുകാരന്‍ പറയുന്നു. ‘ഭാര്യ ബുദ്ധിസ്റ്റ് ആണ്. മതമായല്ല, ഒരു ബുദ്ധിസ്റ്റ് ധ്യാന സംഘത്തിലെ അംഗമാണവര്‍. എനിക്ക് എന്‍റെ ഈ മലയാളിത്തം ഇഷ്ടപ്പെട്ടു. എന്‍റേതുപോലെയുള്ള ആയിരമായിരം മലയാളി കുടുംബങ്ങൾ ഇന്ത്യയിലും ലോകമെങ്ങും ഉണ്ടാവും. ഞാൻ എഴുതുന്നത് എന്‍റെ കുടുംബം വായിക്കണം എന്ന ആവശ്യമേ എനിക്കില്ല. പരസ്പര ധാരണയും കരുതലും ഉള്ള മനുഷ്യരായി ഇരുന്നാൽ പോരേ? എല്ലാവരും ഇന്ത്യക്കാർ. ഇന്ത്യക്കാർ അല്ലെങ്കിലെന്ത്? മനുഷ്യരല്ലേ? എന്‍റെ മലയാളിത്തം പൂർണമാകുന്നത് ഈ  'ഇന്ത്യത്വ'ത്തിലൂടെ യാണ്.’ – സക്കറിയ പറഞ്ഞു. 

കുറിപ്പ് ഇഷ്ടപ്പെട്ട അനേകമാളുകള്‍ ഫെയ്സ്ബുക് പേജില്‍ കമന്‍റ് ചെയ്തു. മാത്യു പാറപ്പുറം എന്ന യൂസറുടെ കമന്‍റ് ഇങ്ങനെ: ‘സന്തോഷം പകരുന്ന ഒരു കുറിപ്പ്! ശരിക്കു പറഞ്ഞാൽ താങ്കളുടെ ഈ കുടുംബമാണ് വരാനിരിക്കുന്ന കാലത്തെ മലയാളിക്ക് മാതൃകയാകേണ്ടത്. ഭാഷയും വേഷവും മതവുമൊക്കെ അതിർവരമ്പുകൾ തീർക്കുമ്പോൾ, സ്നേഹം കൊണ്ടും പരസ്പര ധാരണ കൊണ്ടും ആ അതിരുകൾ മായ്ച്ചുകളയുന്ന മനോഹരമായ ഒരു കൊളാഷ്.’ മലയാളികള്‍ അല്ലാത്തവരും ഗൂഗിള്‍ ട്രാന്‍സ്‍ലേറ്റര്‍ ഉപയോഗിച്ച് പോസ്റ്റ് ആസ്വദിക്കുകയും കമന്‍റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

I am the only Malayali in my house: Writer Paul Zacharia’s viral post on family diversity:

In this heartwarming post, renowned Malayalam author Paul Zacharia reflects on his multicultural household, noting that he is the only "Malayali" in a family that spans various Indian ethnicities and languages. Despite his children and grandchildren being unable to read or write Malayalam, Zacharia emphasizes that mutual respect and shared humanity are far more important than linguistic or religious ties. He proudly embraces his "Indianness," viewing his diverse family as a microcosm of a future where love transcends traditional boundaries. The author’s message has resonated deeply online, with many praising his progressive outlook on identity and family.