kootickal-wife

ക്രൂരമായ സൈബര്‍ ആക്രമണം നടത്തിയതാരെന്ന് പൊലീസ് കണ്ടെത്തിയപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി. മഞ്ജുവാര്യരെ പിന്തുണച്ച് ജയചന്ദ്രന്‍ ഇട്ട പോസ്റ്റിനു താഴെ ‘നിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു’എന്ന വധഭീഷണിയും അശ്ലീലകമന്റുകളും വന്നിരുന്നു. അതുപക്ഷേ അയച്ചത് ഫേക്ക് ഐഡിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയെന്നും താന്‍ തകര്‍ന്നുപോയെന്നും പറയുന്നു ബസന്തി. 

 

സൈബർ സെൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ ആയുർവേദ കോസ്മറ്റോളജി ഡോക്ടറും ഭർത്താവും ചേർന്നാണ് ഈ സൈബർ ക്വട്ടേഷൻ നടപ്പിലാക്കിയതെന്ന് വ്യക്തമായതെന്നും ബസന്തി പറയുന്നു. പലതവണ പല രീതിയില്‍ താന്‍ അവരെ സഹായിച്ചിട്ടുണ്ട്, പൊലീസ് സ്റ്റേഷനില്‍ പോയിട്ടുള്‍പ്പെടെ അവര്‍ക്കൊപ്പം നിന്നു, അങ്ങനെയുള്ള അവര്‍ ഇങ്ങനൊരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്നും ബസന്തി വിഡിയോയില്‍ വ്യക്തമാക്കുന്നു. 

 

‘തന്റെ സുഹൃത്ത് നിത്യാ ദാസിനൊപ്പമുള്ള ചിത്രത്തിനു താഴെ വളരെ മോശമായി കമന്റ് വന്നിരുന്നു. അതിന്റെ ലിങ്കും വിവരങ്ങളുമെല്ലാം ചേര്‍ന്ന് കോഴിക്കോട് സൈബർ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ഇന്നലെ ആളെ കണ്ടുപിടിച്ചു. എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒരു ന്യൂസ് ആണ് ഞാൻ കേട്ടത്. കോഴിക്കോട് കോസ്മറ്റോളജി ആയുർവേദ ഡോക്ടർ ആയിട്ടിരുന്ന എന്റെ സുഹൃത്തായ ഒരു വനിതയുണ്ട്, അവർ ഇപ്പോൾ രണ്ടാമത് കല്യാണം കഴിച്ചു എന്ന് പറയുന്നു, അവരുടെ ഭർത്താവും മറ്റു രണ്ടുപേരും കൂടിയാണ് ഇത് ചെയ്തിട്ടുള്ളത് എന്നാണ് ലഭിച്ച വിവരം’– ബസന്തി പറയുന്നു. 

 

താനെന്നും പറയുന്നതുപോലെ ഇപ്പോഴും പറയുന്നു, സ്ത്രീകളെ വിശ്വസിക്കാൻ പാടില്ല, സ്ത്രീകളുടെ ഭാഗത്തുനിന്നാണ് എനിക്ക് പണി കിട്ടിയിട്ടുള്ളത്. ഈ ഡോക്ടറുടെ പ്രോഡക്ട്സ് ഉപയോഗിച്ച് ചില ആൾക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടായി എന്ന പരാതിയിൽ കേസുകളും കാര്യങ്ങളുമൊക്ക ആയപ്പോൾ ഞാൻ അവരുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കിയിരുന്നു. ഒരു ഡോക്ടർ ആകണമെന്നില്ല ഒരു സാമാന്യ ബോധം ഉള്ള ആൾ ചെയ്യുന്ന പരിപാടിയാണോ ഈ തെറിവിളിയൊക്കെ. ഇനി ഏതായാലും നാളെ സ്റ്റേഷനില്‍ ചെല്ലണം, അവര്‍ കുറ്റം സമ്മതിച്ചെന്നാണറിയുന്നത്. സ്ത്രീകളെ വിശ്വസിക്കരുതെന്ന് താന്‍ പറയാന്‍ കാരണമിതാണെന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് ബസന്തി വിഡിയോ അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the shocking revelation of a cyber attack perpetrator. Basanthi, wife of Koottikkal Jayachandran, expressed her disbelief upon discovering the identity of the individual behind the cruel cyber attack, which included death threats and obscene comments on a post supporting Manju Warrier.