തിരുവനന്തപുരം മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലായിരുന്നു സംഭവം. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തതോടെ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദുവിന്‍റെ ജോലി നഷ്ടമായിരുന്നു.
കേസില്‍ ആര്യ രാജേന്ദ്രനെയും സച്ചിന്‍ദേവ് എംഎല്‍എയേയും ഒഴിവാക്കിയായിരുന്നു പോലീസിന്‍റെ കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജോലി പോയതോടെ നിത്യവൃത്തിക്കായി സ്വിഗ്ഗി ഡെലിവറി ബോയി ആയിരിക്കുകയാണ് യദു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഡെലിവറി ജോലിക്ക് ഇറങ്ങിയതാണെന്നും ആര്യ രാജേന്ദ്രന്‍റെ വീടിന് അടുത്ത് വരെ ഓര്‍ഡര്‍ കിട്ടിയെന്നും യദു പറയുന്നു. ‘എനിക്ക് ജീവിക്കണം, മക്കളെ നോക്കണം, ജോലി ചെയ്യണം, അന്ന് ഞാന്‍ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്നു. ഇന്ന് സ്വിഗ്ഗി ബോയ് ആണ് ഞാന്‍, നല്ല ഓര്‍ഡര്‍ കിട്ടുന്നുണ്ട്, അതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു, മേയര്‍ ആര്യ രാജേന്ദ്രന്‍റെ വീടിന് അടുത്ത് വരെ ഓര്‍ഡര്‍ കിട്ടി, ആ വീടിന് അടുത്ത് ചെന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു, മേയര്‍ കാണേണ്ട, അടുത്ത കേസ് വരുമെന്ന്’ യദു പറയുന്നു.