കേരള പോലീസിന്റെ പോസ്റ്റിന് മറുപടിയുമായി നടൻ ദുൽഖർ സൽമാൻ. 'ഹെൽമെറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുൽഖർ സൽമാന് നിങ്ങളോട് പറയാനുള്ളത് എന്താണ്?' എന്ന ചോദ്യത്തോടെയാണ് കേരള പോലീസ് ഒരു റീൽ പങ്കുവെച്ചത്. ഇതിന് മറുപടിയായി 'ഹെൽമെറ്റ് മസ്റ്റ്' എന്ന് ദുൽഖർ കുറിച്ചു. ഈ പ്രതികരണം അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് കേരള പോലീസ് റീലായി പങ്കുവച്ചത്. ഹെൽമെറ്റ് ധരിക്കാൻ ഒട്ടും താല്‍പര്യമില്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തോട്, ഹെൽമെറ്റ് മസ്റ്റാണെന്ന് ദുൽഖർ പറയുന്ന ഭാഗം പോലീസ് കട്ട് ചെയ്ത് തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയായിരുന്നു. ദുൽഖർ ഈ റീലിൽ പ്രതികരിക്കുമോ എന്നും, 'ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്നും പോലീസ് കമന്റ് ബോക്സിൽ കുറിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ദുൽഖർ പ്രതികരിച്ചിരിക്കുന്നത്. കേരള പൊലീസ് താരത്തിന് ‘നന്ദി’ പറഞ്ഞു കമന്റിട്ടിട്ടുണ്ട്.
വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പങ്കാളികളുമായി യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഈ പോസ്റ്റിലൂടെ പോലീസ് നൽകുന്നുണ്ട്. ധാരാളം പേർ കേരള പോലീസിന്റെ ഈ റീലിന് അനുകൂലമായ പ്രതികരണങ്ങൾ നൽകുന്നുണ്ട്.
കാലികമായ ട്രെൻഡുകൾ ഉപയോഗപ്പെടുത്തുന്നതിൽ കേരള പോലീസ് ഒട്ടും പിന്നിലല്ല. ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിലും ഗതാതഗത നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരായ പ്രചാരണങ്ങളിലും പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.