തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ ട്രെയിന്‍ സ്വീകരണ യാത്രയില്‍ പോകാത്തതിന്‍റെ കാരണം വിശദീകരിച്ച് കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണെന്നും വ്യക്തിപരമായ മറ്റ് കാരണങ്ങളുമുണ്ടെന്നും ശ്രീലേഖ പറഞ്ഞു. പദവി ലഭിക്കാത്തതില്‍ നീരസം പ്രകടമാക്കുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ ശ്രീലേഖ പറഞ്ഞു.
'ഫ്ളൈറ്റില്‍ യാത്ര ഒരുക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ തന്നെയാണ് വേണ്ടെന്ന് പറഞ്ഞത്. പൈസ അനാവാശ്യമായി ചിലവാക്കുന്നതിൽ മടിയുള്ള വ്യക്തിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പണം കുറച്ചുമാത്രമാണ് ചെലവാക്കിയത്. ഇത്രയും പേര്‍ ട്രെയിനില്‍ പോകുന്നത് വലിയ ചിലവാണ്. ഞാന്‍ കാരണം അത്രയും ചിലവുണ്ടാകണ്ടെന്ന് കരുതി.
വ്യക്തിപരമായ ബുദ്ധിമുട്ടുകളുണ്ട്. വീട്ടിൽ പ്രായമായ അമ്മയുണ്ട്, വീട്ടില്‍ സര്‍വന്‍റ്ില്ല, ലീവിലാണ്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങണം, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. അഞ്ച് ദിവസം മാറിനില്‍ക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാണ് മാറിനിന്നത്, അല്ലാതെ പ്രതിഷേധിച്ചോ, ആരോടും അനിഷ്ടമുണ്ടായിട്ടോ നീരസം പ്രകടിപ്പിക്കാനോ അല്ല,' ശ്രീലേഖ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനം. ഒരു വ്യക്തി ഒരു തിരഞ്ഞെടുപ്പിൽ നിന്ന് കഴിഞ്ഞാൽ പിന്നെ അഞ്ചുവർഷത്തേക്ക് പിന്നീട് മറ്റൊരു തിരഞ്ഞെടുപ്പിൽ നിൽക്കരുത്. കാരണം ഭയങ്കര ചിലവാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നിയമമാകാൻ കാലതാമസം എടുക്കുമെങ്കിലും അത് താത്വികമായി അംഗീകരിച്ച ആളാണ് താൻ. അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് അഞ്ചുവർഷത്തേക്ക് ഇനി ഒരു തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താൽപര്യവുമില്ല, അതിനുള്ള ചെലവ് വഹിക്കാനുള്ള കഴിവുമില്ല. അത് പാർട്ടിയെ കൊണ്ട് വഹിപ്പിക്കാൻ താൽപര്യവുമില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് പറഞ്ഞത്. വ്യക്തിപരമായ ചില ആദർശങ്ങളുണ്ട്. അതിന്റെ പുറത്താണ് താൻ തീരുമാനങ്ങൾ എടുക്കുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി.