ക്യാമറയും ലൊക്കേഷനുകളുമില്ലാതെ വെള്ളിത്തിരയിൽ ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന എഐ വിപ്ലവത്തിന്റെ കാലമാണിത്. പരമ്പരാഗത നിർമ്മാണ രീതികളെ മറികടന്ന് സമയവും ചെലവും ലാഭിക്കാവുന്ന തരത്തിലേക്ക് നിർമ്മിത ബുദ്ധി ,ചലച്ചിത്ര-പരസ്യ മേഖലകളെ മാറ്റിമറിച്ചു കഴിഞ്ഞു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ദുബായിലെ പരസ്യരംഗത്ത് സജീവമായ ഇടുക്കി മൂലമറ്റം സ്വദേശി ശ്യാം മനോഹർ, ഈ സാങ്കേതികവിദ്യയിലൂടെ പുത്തൻ ദൃശ്യഭാഷ രചിച്ച് രാജ്യാന്തര ശ്രദ്ധ നേടുകയാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എഐയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ശ്യാം മനോഹർ സംസാരിക്കുന്നു.
കാൽനൂറ്റാണ്ടുകാലം കാമറയ്ക്കും ലൈറ്റുകൾക്കും പിന്നിൽ നിന്ന് ലോകോത്തര ബ്രാൻഡുകൾക്കായി പരസ്യങ്ങൾ ഒരുക്കിയ സംവിധായകനാണ് ശ്യാം മനോഹർ. മാറുന്ന കാലത്തിനൊപ്പം എഐ സാങ്കേതികവിദ്യയുടെ പുത്തൻ വേഗതയ്ക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് ഈ സംവിധായകൻ. എഐ എന്ന അത്ഭുത ലോകത്തേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ
എഐ എന്നത് നമ്മുടെ ഭാവനയെ പരിധികളില്ലാതെ ആവിഷ്കരിക്കാനുള്ള ഒരു ടൂൾ മാത്രമായാണ് ശ്യാം കാണുന്നത്. വലിയ ലൊക്കേഷനോ ക്രൂവോ ഇല്ലാതെ തന്നെ സംവിധായകന്റെ മനസ്സിലുള്ള ദൃശ്യം അതേപടി സ്ക്രീനിൽ എത്തിക്കാം എന്നതാണ് ഇതിലെ പ്രധാന സവിശേഷത . സിനിമയെ പാഷനായി കൊണ്ടുനടക്കുന്ന ശ്യാം, ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകൾക്കും എഐയിലൂടെ ദൃശ്യാവിഷ്കാരം നൽകി. വയനാട് ചൂരൽമല ദുരന്തത്തിൽ ആനയുടെ മുന്നിൽ അകപ്പെട്ട അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും നടുക്കുന്ന അനുഭവം എഐയിലൂടെ ശ്യാം പുനഃസൃഷ്ടിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഗോവ ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലോസ് തുടങ്ങിയ രാജ്യാന്തര വേദികളിൽ ശ്യാം ഒരുക്കിയ എഐ നിർമ്മിത ചിത്രങ്ങൾ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. നിർമിത ബുദ്ധിയുടെ കടന്നുവരവ് ജോലി സാധ്യതകൾ നഷ്ടപ്പെടുത്തുമെന്ന ആശങ്കകൾ ശ്യാം തള്ളിക്കളയുന്നു.പുതിയ സാങ്കേതികവിദ്യയെ എതിർക്കുന്നതിന് പകരം അതിനെ കൂടെക്കൂട്ടുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സാങ്കേതിക വിദ്യയുടെ പുതുവേഗതയെ ഭാവനയുമായി കോർത്തിണക്കി, പുതിയ വിസ്മയങ്ങൾ തീർക്കാനൊരുങ്ങുകയാണ് ഈ പ്രവാസി സംവിധായകൻ .