ആനകളോട് ഒടുങ്ങാത്ത സ്നേഹമായിരുന്നു വിഷ്ണുവിന്. പക്ഷേ ആനക്കലി ആ ജീവനെടുത്തു. വിഷ്ണു ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓമനിച്ചതും ആനകളെ തന്നെ. ആനപ്രേമം മൂലമാണ് അവൻ 18-ാം വയസിൽ ആനപരിപാലന കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി എത്തുന്നത് പോലും.

ഏകദേശം 3 വർഷം മുൻപ് ആനയുടെ ആക്രമണത്തിൽ ചെറിയ രീതിയിൽ വിഷ്ണുവിന് പരുക്കേറ്റിരുന്നു. എന്നിട്ടും അവൻ ആനപ്രേമം കൈവിട്ടിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിൽ വച്ചായിരുന്നു ആനയുടെ ആക്രമണത്തെ തുടർന്ന് വിഷ്‌ണു ഈ ലോകത്ത് നിന്ന് യാത്രയായത്.

വനം വകുപ്പിൽ ജോലിയിൽ കയറാൻ കാത്തിരിക്കവേയാണ് ദുരന്തമുണ്ടായത്. വനംവകുപ്പിൽ പാപ്പാൻ തസ്‌തികയിലേക്ക് ജോലി കിട്ടാനായി പി എസ് സി പരീക്ഷയെഴുതിയ വിഷ്‌ണുവിന്‍റെ പേര് റാങ്ക് പട്ടികയിലുണ്ടായിരുന്നു. ഉടൻ പാപ്പാനായി സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് അവൻ ഇടക്കിടെ വീട്ടുകാരോട് പറഞ്ഞിരുന്നു. അത്രക്കിഷ്ടമായിരുന്നു വിഷ്ണുവിന് ആ ജോലി.

സ്ഥിരജോലി കിട്ടിയ ശേഷമേ കല്യാണം കഴിക്കൂവെന്ന നിർബന്ധത്തിലായിരുന്നു വിഷ്‌ണു. അതിനിടെയാണ് വിധി മരണത്തിന്‍റെ രൂപത്തിലെത്തിയത്. വെങ്ങാനൂർ ഉച്ചക്കട സ്വദേശി ബിജുവിന്റെയും ശ്രീകലയുടെയും മകനാണ് വിഷ്ണു. ബാല്യകാലം തൊട്ട് ആനകളെന്നാൽ ജീവനാണ് . അവൻ വളരും തോറും ആനപ്രേമവും വളർന്നു. മുതിർന്നതോടെ, ആനകളെക്കുറിച്ച് കൂടുതൽ പഠിച്ചു. അങ്ങനെ 18-ാം വയസിൽ താത്കാലിക ജീവനക്കാരനായി ആനപരിപാലന കേന്ദ്രത്തിലെത്തി.

കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ 9 വർഷമായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്‍റെ പിതാവ് ബിജു പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മയും സഹോദരി അഞ്ജനയും ചേർന്നതാണ് കുടുംബം.

ENGLISH SUMMARY:

Vishnu, an elephant keeper with a deep passion for elephants, tragically lost his life in an elephant attack at the Kottoor elephant sanctuary. Despite a previous injury from an elephant, his love for the animals remained unwavering, and he was eagerly awaiting a permanent job as a mahout in the forest department.