നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഷുക്കൂറിന്‍റെ സഹോദരൻ മുനീർ അൽവഫയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുനീർ വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.

സഹോദരന്‍റെ കുറിപ്പ്

‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസ്സിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർത്ഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’ –മുനീറിന്‍റെ വാക്കുകൾ

ENGLISH SUMMARY:

Actor C. Shukkoor, known for his role in 'Nna Thaan Case Kodu', has been hospitalized due to a stroke. His health is reportedly improving, and he is undergoing physiotherapy and rehabilitation.