Image: Facebook,Mathew T Thomas

Image: Facebook,Mathew T Thomas

സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി മാത്യു ടി തോമസ് എംഎല്‍എയുടെ പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുകളില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയതിനെ തുടര്‍ന്നുണ്ടായ അനുഭവമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവം. 

 

2018 മുതല്‍ ഉപയോഗിക്കുന്ന രണ്ടേകാല്‍ ലക്ഷം കിമീ ഓടിക്കഴിഞ്ഞ കാറിലാണ് ഇന്നലേയും മാത്യു ടി തോമസ് നിയമസഭയിലെത്തിയത്. അദ്ദേഹം തന്നെയാണ് കാറോടിച്ചിരുന്നത്. പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹത്തെ അത്ര പരിചയം ഇല്ലാത്തൊരു വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ക്കേ പാര്‍ക്കിങ് ഉള്ളൂവെന്ന് വിനയത്തോടെ പറഞ്ഞ അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. നിയമസഭ അംഗങ്ങളുടെ  വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന അദ്ദേഹത്തിന്റെ അടുത്ത ചോദ്യത്തിന് MLA മാരുടെ വാഹനം മാത്രമേ പറ്റൂവെന്നായിരുന്നു വാച്ച് ആന്‍ഡ് വാര്‍ഡിന്റെ മറുപടി. 

 

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ തന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് ശരിയാണെന്ന് ബോധ്യപ്പെട്ടെന്നും എങ്കിലും നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ താന്‍ ഇതിങ്ങനെ തന്നെ അങ്ങ് കിടക്കട്ടേയെന്ന് തീരുമാനിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. 

 

നിരവധിപേരാണ് പോസ്റ്റിന് താഴെ ചിരിയും അമ്പരപ്പും പ്രകടിപ്പിച്ച് പ്രതികരണങ്ങള്‍ നല്‍കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡ് ബംഗാളി ആയിരുന്നോ ഒന്നാണ് ഒരാളുടെ ചോദ്യം. അതേസമയം തന്നെ മാത്യുസര്‍ ആയതുകൊണ്ടു മാത്രം ആ സെക്യൂരിറ്റി രക്ഷപ്പെട്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.  

ENGLISH SUMMARY:

Mathew T Thomas MLA's humorous Facebook post about his official vehicle's sticker has gone viral, creating laughter and surprise online. The post details an amusing encounter where his car, labelled 'Member of Legislative Assembly' instead of the common 'MLA,' led to confusion regarding parking privileges.