ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. നവ കേരളത്തിലേക്ക് നമ്മളെ നയിക്കുന്ന കേരളത്തിൻ്റെ നായകൻ പിണറായി വിജയൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും ശിവപ്രസാദ് പങ്കുവെച്ചു.
അന്നന്നത്തെ ആഹാരത്തിന് വേണ്ടി അച്ഛനും അമ്മയ്ക്കും ഒപ്പം പാടത്തും പറമ്പിലും പണി ശാലയിലും പോവാൻ വിധിക്കപ്പെട്ട കേരളത്തിലെ തൊഴിലാളികളുടെ മക്കളെ സൗജന്യമായി പഠിപ്പിക്കാൻ, അവരുടെ കൈ പിടിച്ചു നയിച്ച ഇ.എം.എസിൻ്റെ കമ്മ്യൂണിസ്റ്റ് ഗവണ്മെൻ്റ് മുതൽ ഇന്ന് ഇന്ത്യയിൽ ഫീസ് നൽകാതെ ബിരുദ തലം വരെ സൗജന്യമായി പഠിപ്പിക്കാൻ കഴിയുന്ന ഏക സംസ്ഥാനമായ കേരളത്തെ നയിച്ച പിണറായി വിജയൻ്റെ ഇടതുപക്ഷ ഗവണ്മെൻ്റ് വരെ. കേരളം ലോകത്തിൻ്റെ നെറുകയിലേക്ക് നടന്നു കയറിയതിൻ്റെ ചരിത്രസാക്ഷ്യം... എന്നാണ് ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് ശിവപ്രസാദ് കുറിച്ചത്.
വയലാർ രാമവർമ്മ രചിച്ച വിഖ്യാതമായ അശ്വമേധം എന്ന കവിതയിലെ വരികളും ഇതോടൊപ്പം ശിവപ്രസാദ് പങ്കുവെച്ചിട്ടുണ്ട്. "നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ."
സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപയാണ് അനുവദിച്ചത്. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കായി 167 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോം പദ്ധതിക്ക് 150 കോടി രൂപയും സ്കൂളുകളിലെ മാലിന്യ സംസ്കരണത്തിന് 10 കോടി രൂപയും സ്കൂള്‍ ഐ.ടി പഠനത്തിന് 88 കോടി രൂപയുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിചരണം നൽകുന്ന സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 62 കോടി രൂപ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് 861 കോടി രൂപ അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 8.6 ശതമാനം കൂടുതലാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങള്‍ക്കായി 259.09 കോടി രൂപ വകയിരുത്തി.