TAGS

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ. ശമ്പളത്തോടുകൂടി മാസത്തിൽ രണ്ടുദിവസത്തെ ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിത ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആര്‍ടിസി നിലപാടറിയിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.

നിലവിൽ 2846 വനിതാ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ ഉള്ളത്. ഇതിൽ 1842 പേരും കണ്ടക്ടർമാരായി ജോലി ചെയ്യുന്നവരാണ്. ഇവർക്ക് ഓരോരുത്തർക്കും മാസം രണ്ട് ദിവസം വീതം അവധി നൽകിയാൽ, പ്രതിമാസം ഏകദേശം 5700-ഓളം ഡ്യൂട്ടികൾ കൈകാര്യം ചെയ്യാൻ ആളില്ലാതെ വരും. ഇത് സർവീസുകളെ ഗുരുതരമായി ബാധിക്കും. 

ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പുതിയൊരു ശമ്പളത്തോടുകൂടിയ അവധി കൂടി അനുവദിക്കുന്നത് കോർപ്പറേഷന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും. പകരക്കാരെ നിയോഗിക്കുന്നതിനും ഓവർടൈം നൽകുന്നതിനും ഭീമമായ തുക ചെലവാക്കേണ്ടി വരും. 

ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇതിൽ കോടതികൾക്ക് ഇടപെടാൻ പരിമിതിയുണ്ട്. കേരള സർവീസ് ചട്ടങ്ങളിൽ (KSR) ആർത്തവാവധി നൽകണമെന്ന് നിഷ്കർഷിക്കുന്നില്ല. കർണാടക സർക്കാർ ആർത്തവാവധി നടപ്പിലാക്കിയെന്ന ഹർജിക്കാരുടെ വാദവും കെ.എസ്.ആർ.ടി.സി തള്ളി. കർണാടകയിലെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സമാനമായ ആവശ്യവുമായി സമർപ്പിക്കപ്പെട്ട ഹർജിയിൽ നയപരമായ വിഷയമായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ് 

ആർത്തവാവധി എന്നത് രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തൊഴിൽ അവകാശമല്ലെ. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങി വികസിത രാജ്യങ്ങളിൽ പോലും നിയമപരമായ ആർത്തവാവധി നിലവിലില്ല. ഡിപ്പോകളിൽ ശുചിമുറി സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും ഇല്ലെന്ന വാദം തെറ്റാണെന്നും അഡ്വ. ദീപു തങ്കൻ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നയപരമായ വിഷയമായതിനാൽ ഹർജി തള്ളണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

ENGLISH SUMMARY:

KSRTC has informed the Kerala High Court that it cannot grant two days of paid menstrual leave to its female employees due to a severe financial and administrative crisis. In an affidavit, the corporation stated that with 1,842 of its 2,846 female staff working as conductors, granting such leave would result in nearly 5,700 missed shifts per month, crippling bus services. KSRTC argued that while Karnataka implemented a similar policy, its decision has been stayed by the High Court there