എൻഎസ്എസ്-എസ്എൻഡിപി ഐക്യം നടക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും കരുതിയത് വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനവുമായെത്തുമെന്നാണ്. എന്നാൽ പതിവിന് വിപരീതമായി ഒരു വരികൊണ്ടോ വാക്കുകൊണ്ടോ പോലും സുകുമാരൻ നായരെ വെള്ളാപ്പള്ളി തള്ളിപ്പറയാത്തതിനെപ്പറ്റി രസകരമായ ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കണ്ടന്‍റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍.

വെള്ളാപ്പള്ളി ഒരു മാതൃകയാണെന്നും, സുകുമാരന‍്‍ നായരുമായി ഹൃദയം നുറുങ്ങുന്ന ഒരു ബ്രേക്കപ്പിന്റെ അറ്റത്തു നിൽക്കുമ്പോഴും വാക്കുകളിൽ കിനിയുന്ന ആർദ്രത കണ്ട് പഠിക്കേണ്ടതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഒന്നാവാനുള്ളവരാണ് എന്നുള്ള പ്രതീക്ഷ മാത്രം പങ്കുവെച്ച്, വളരെ കരുതലോടെയാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു.

'നമ്മൾ നേരിട്ടും അല്ലാതെയും ഒരുപാട് ബ്രേക്കപ്പുകളിലൂടെ കടന്നുപോയവരായിരിക്കും. അടുത്തുനിന്നും അകലെനിന്നും ഒരുപാട് ബ്രേക്കപ്പുകൾ കണ്ടവരും കാണേണ്ടിവന്നവരും ആയിരിക്കും. ഒരുകാലത്തു എങ്ങനെ നടന്ന മനുഷ്യരാണെന്നു അത്ഭുതം തോന്നുന്ന വിധത്തിലായിരിക്കും അവർ ശത്രുക്കളായി മാറുക. എല്ലായിടത്തും നിന്നും ബ്ലോക്ക് ചെയ്യുക, ഒരുമിച്ചുള്ള എല്ലാ ഗ്രൂപ്പുകളിൽ നിന്നും എക്സിറ്റ് ആവുക, അതുവരെ തന്ന എല്ലാ സഹായങ്ങളും സൗമനസ്യങ്ങളും തിരിച്ചേൽപ്പിക്കുക, ഇനി ഒരിക്കലും കണ്ടുമുട്ടാനും കേട്ടുമുട്ടാനും ഇടയാവരുത് എന്നുകരുതി അകലങ്ങളിലേക്ക് ഇറങ്ങിപ്പോവുക. മറ്റുള്ളവരോട് നല്ലതുപോയിട്ട് അങ്ങനെ ഒരാളെ അറിയാമെന്ന ഭാവം പോലും മുറിച്ചുമാറ്റി അപരിചിതരായി അടക്കിപ്പിടിച്ച അറപ്പിന്റെയും വെറുപ്പിന്റെയും കലവറയായി കാലക്ഷേപം കഴിക്കുക. അവിടെയാണ് വെള്ളാപ്പള്ളി ഒരു മാതൃകയാവുന്നത്.

ഹൃദയം നുറുങ്ങുന്ന ഒരു ബ്രേക്കപ്പിന്റെ അറ്റത്തു നിൽക്കുമ്പോഴും പിണങ്ങി സകലതും മുറിച്ചുമാറ്റി ഓർക്കാപ്പുറത്ത് ഇറങ്ങിപ്പോയ ഒരാളെ കുറിച്ചു സംസാരിക്കുമ്പോഴും വാക്കുകളിൽ കിനിയുന്ന ആർദ്രത. അഭിശപ്തമായ ഒരു വരികൊണ്ടോ വാക്കുകൊണ്ടോ പോലും അയാളെ തള്ളിപ്പറയുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, വാതിലുകൾ ഒന്നും കൊട്ടിയടക്കുന്നില്ല, ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഒന്നാവാനുള്ളവരാണ് എന്നുള്ള പ്രതീക്ഷ മാത്രം പങ്കുവയ്ക്കുന്നു. മാത്രമല്ല, അയാൾക്ക്‌ നിഷ്‍കളങ്കതയുടെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് ആ സരയൂ തീരത്തു കാണാം എന്നുപറയുന്നു. ഇതിന്റെ പേരിൽ ആരും അദ്ദേഹത്തെ കുറ്റം പറയുകയോ തള്ളിപ്പറയുകയോ ചെയ്യരുത് എന്നഭ്യർത്ഥിക്കുന്നു. തള്ളിപ്പറഞ്ഞവരെയും തള്ളാത്ത വെള്ളാപ്പള്ളി. വേദനിപ്പിച്ചവരെയും വേദനിപ്പിക്കാത്ത വെള്ളാപ്പള്ളി'.

എന്തൊരു കരുതലാണ് ഈ മനുഷ്യന് എന്ന പരിഹാസത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

SNDP General Secretary Vellappally Natesan said that Sukumaran Nair is innocent and that Hindu unity will happen sooner or later. He stated that Nairs and Ezhavas are brothers, and urged that the Nair community should not be rejected or blamed for stepping back from unity.