ബസിനുള്ളില്‍ ലൈംഗികഅതിക്രമം നടത്തിയെന്ന ആരോപണത്തില്‍ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടൻ വിനോദ് കോവൂർ. വിഡിയോ എടുത്ത ജിംഷിതക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിനോദിന്‍റെ വിമർശനം. ദീപക്കിനെ ഇല്ലാതാക്കിയ ആ സ്ത്രീക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് വിനോദ് കോവൂർ പറഞ്ഞു.
‘ദീപക്കേ സഹോദരാ പ്രണാമം, നീ അറിഞ്ഞോ നിന്‍റെ വിഡിയോ എടുത്ത അവൾ വൈറലായി. ഇനി ഒരു വിഡിയോ എടുക്കാൻ അവളുടെ കൈ പൊങ്ങില്ല ഈ സമൂഹം മുഴുവൻ ആൺ പെൺ ഭേദമില്ലാതെ അവളെ തെറി വിളിച്ച് കൊണ്ടിരിക്കുകയാണ്. നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവൾ ഇനി സമാധാനമായ് ജീവിക്കാൻ പോണില്ല. സോഷ്യൽ മീഡിയയിൽ വ്യൂവേഴ്സിനെ ഉണ്ടാക്കാൻ അവൾ കാണിച്ച നെറികെട്ട രീതിയായിരുന്നു അത്. അത്രയേറെ മനസിനെ വിഷമിപ്പിച്ചത് കൊണ്ടാവാം നീ മരണത്തിന് കീഴടങ്ങിയതെന്ന് മനസിലാക്കുന്നു. എന്നാലും നീ മരിക്കരുതായിരുന്നു എന്ന് ഒരു വേള ആഗ്രഹിച്ച് പോയി, അവൾക്കെതിരെ നിയമനടപടികളുമായ് ഒന്ന് പോരാടാമായിരുന്നു. പക്ഷേ അതിനൊന്നും കാത്ത് നിൽക്കാതെ നീ നിന്‍റെ തീരുമാനം നടപ്പിലാക്കി. ഏത് നിമിഷത്തിലാണ് ആ ബസിൽ യാത്ര ചെയ്യാൻ നിനക്ക് തോന്നിയത് എന്ന് ചിന്തിച്ച് പോകുന്നു. നിന്‍റെ അമ്മയുടെ ചുടുകണ്ണീരിൽ അവൾ വെന്തുനീറും. കൃത്യമായ തെളിവില്ല എന്നൊക്കെ പറഞ്ഞ് കേസിൽ നിന്ന് ഒരുപക്ഷേ അവൾ ഊരി പോരും പക്ഷേ മന:സാക്ഷി കോടതിയിൽ അവൾ ശിക്ഷിക്കപ്പെടും തീർച്ച’ വിനോദ് കോവൂർ പറയുന്നു.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.